ഇലക്ട്രിക് വാഹന വില കുറയും; ബജറ്റിൽ വമ്പൻ പ്രഖ്യാപനം

കേരള ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ സർക്കാർ മാറ്റങ്ങൾ വരുത്തി. കുറഞ്ഞ വിലയുള്ള ഇവികൾക്ക് നികുതി കുറച്ചപ്പോൾ ആഡംബര ഇവികൾക്ക് നികുതി വർധിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് നികുതിയിളവ് ലഭിക്കുന്ന വാഹനത്തിന്‍റെ മൂല്യപരിധിയും 15 ലക്ഷമായി ഉയർത്തി.ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിധി അടിസ്ഥാനമാക്കി വ്യത്യാസങ്ങൾ കൊണ്ടുവന്നതാണ് പ്രധാന നിർദേശം.

 

10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിലെ അഞ്ച് ശതമാനം റോഡ് നികുതി മൂന്ന് ശതമാനമായി കുറച്ചു. ഇതിലൂടെ സാധാരണ കുടുംബങ്ങൾക്കും മധ്യവർഗ്ഗ ഉപഭോക്താക്കൾക്കും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സുലഭമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

 

അതേസമയം, 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി എട്ട് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും. 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഉയർന്ന വിലയുള്ള വാഹനങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി വരുമാനം വർധിപ്പിക്കാനും, താഴ്ന്ന വിലയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം

 

ഭിന്നശേഷിക്കാർക്ക് മോട്ടർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്‍റെ മൂല്യപരിധി നിലവിലുള്ള ഏഴ് ലക്ഷത്തിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി. പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും വരുമാന സമതുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള നീക്കമായാണ് കേരള സർക്കാരിന്‍റെ ഈ ബജറ്റ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *