ടെഹ്റാൻ : പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന് നേരെ അമേരിക്കയുടെ ആക്രമണം. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ തടയുന്നതിനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളും തീരദേശ സൈനിക കേന്ദ്രങ്ങളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. ബന്ദർ അബ്ബാസ്, ചബഹാർ, കൊനാറക്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചബഹാറിൽ അമേരിക്കൻ മിസൈലുകൾ പതിച്ചതിനെത്തുടർന്ന് വൈദ്യുതബന്ധം തടസ്സപ്പെട്ടു. ചബഹാറിലെ മാരിടൈം ട്രാഫിക് കൺട്രോൾ ടവർ, ഡിപ്പോകൾ ഉൾപ്പെടെയുള്ളവ അമേരിക്കൻ ആക്രമണത്തിൽ തകർന്നു.
ഇറാന്റെ ഏക ആണവോർജ്ജ നിലയം സ്ഥിതി ചെയ്യുന്ന ബുഷെഹർ പ്രവിശ്യയിലും സ്ഫോടനങ്ങൾ ഉണ്ടായെങ്കിലും ആണവനിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസിൽ 20 പടക്കപ്പലുകൾ പട്രോളിങ്ങിന് വിന്യസിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. വെടിനിർത്തൽ കരാർ അവസാനിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.
