വിലക്കിനും വിവാദത്തിനുമൊടുവിൽ ജനനായകൻ തിയേറ്ററിൽ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കി ആരാധകർ. മൂന്ന് പതിറ്റാണ്ട് മുമ്പ് തമിഴ് സിനിമയിൽ ബാലതാരമായി തുടങ്ങി പിന്നീട് ദളപതി എന്ന സിംഹാസനത്തിലേക്ക് ഉയർന്നതാണ് വിജയ്‌യുടെ സിനിമാ ജീവിതം. 1992-ൽ തന്റെ പതിനെട്ടാം വയസ്സിലാണ് നാളൈയ തീർപ്പ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ഇതിനിടെ ജന നായകനിലെ വിജയ് യുടെ ടൈറ്റില്‍ കാര്‍ഡ് വന്‍ ആവേശമായി മാറുകയാണ്. ‘ഹോണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി സി ജോസഫ് വിജയ്’ എന്ന ടൈറ്റില്‍ കാര്‍ഡോടെയാണ് ജന നായകന്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ടാണ് പുതിയ ടൈറ്റില്‍ കാര്‍ഡിനെ ആരാധകര്‍ സ്വീകരിച്ചത്. ആട്ടവും പാട്ടുമൊക്കെയായി ടൈറ്റില്‍ കാര്‍ഡും ചിത്രത്തിലെ വിജയ് യുടെ ഡാന്‍സുമൊക്കെ ആഘോഷിക്കുകയാണ് ആരാധകര്‍.

തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ പ്രതികരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ പ്രിയ താരത്തെ ആവേശോജ്ജ്വലമായ യാത്രയയപ്പ് നല്‍കുകയാണ് ആരാധകര്‍. അതേസമയം, വിജയ് ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആരാധകര്‍ പറയുന്നത്.ജനുവരില്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ലീക്കായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് ജന നായകന്‍. മലയാളി താരം മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയും ചിത്രത്തിലുണ്ട്. പ്രകാശ് രാജ്, പ്രിയ മണി, നരേന്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
