ബഹിരാകാശത്ത് അഭിമാന നിമിഷം; സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളിയായി അനില്‍ മേനോൻ

ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യക്കും മലയാളത്തിനും മറ്റൊരു അഭിമാന നിമിഷം കൂടി. ഇന്ത്യൻ വംശജനായ നാസ ബഹിരാകാശയാത്രികൻ അനില്‍ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) നിന്ന് പുറത്തുകടന്ന് ബഹിരാകാശ നടത്തം ആരംഭിച്ചു.

 

ചരിത്രദൗത്യത്തില്‍ പരിചയസമ്പന്നയായ നാസ ബഹിരാകാശ യാത്രിക ജസീക്ക മെയറും പങ്കാളിയാണ്. ഇതോടെ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടം അനില്‍ മേനോൻ സ്വന്തമാക്കി. യുഎസ് സ്പേസ് വാക്ക് 96 എന്നാണ് ഈ സുപ്രധാന ദൗത്യത്തിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 06.03ന് അനില്‍ മേനോനും ജസീക്ക മെയറും ബഹിരാകാശ നിലയത്തിന്റെ ക്വസ്റ്റ് എയർലോക്കിന് പുറത്തുകടന്ന് ദൗത്യം ആരംഭിച്ചു. ആറ് മുതല്‍ ഏഴ് മണിക്കൂർ വരെ ദൗത്യം നീണ്ടുനില്‍ക്കും. നിലയത്തിന്റെ സ്റ്റാർബോർഡ് ആറ് ട്രസ് ഭാഗത്താണ് ഇരുവരും ഇപ്പോള്‍ ജോലി ചെയ്യുന്നത്.

 

ഭാവിയില്‍ നിലയത്തിലേക്ക് എത്തിക്കാൻ പോകുന്ന അത്യാധുനിക റോള്‍ ഔട്ട് സോളാർ ശ്രേണികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ മോഡിഫിക്കേഷൻ കിറ്റ് ഘടിപ്പിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ബഹിരാകാശ നിലയത്തിന്റെ വൈദ്യുതോർജ ശേഷി കാര്യമായി വർധിപ്പിക്കുന്ന വലിയൊരു പദ്ധതിയുടെ ഭാഗമാണിത്. ഐഎസ്‌എസിന്റെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കായി നടത്തുന്ന 281-ാമത്തെ ബഹിരാകാശ നടത്തമാണ് യുഎസ് സ്പേസ് വാക്ക് 96. ഈ വർഷം ഓഗസ്റ്റില്‍ ആസൂത്രണം ചെയ്തിരിക്കുന്ന മൂന്ന് അമേരിക്കൻ ബഹിരാകാശ നടത്തങ്ങളില്‍ ആദ്യത്തേതും ഇതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *