പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഹായം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് മുന്നിൽ പൊട്ടിക്കരഞ്ഞ് യുവതി. പാലക്കാട്ടെ രണ്ടാം റാങ്കുകാരിയായ അധ്യാപിക കല്ലുമണ്ഡപം സ്വദേശിനി ജനിഫർ ഹാറൂണാണ് മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.
2023-ൽ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആകെ 61 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 2020-ൽ എൽഡിഎഫ് സർക്കാർ കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ പിജി വെയ്റ്റേജ് ഒഴിവാക്കിയതോടെ 55 അധിക തസ്തികകൾ ഉണ്ടായി. തങ്ങളെ നിയമിക്കേണ്ട ഒഴിവുകളിലേക്ക് അധിക തസ്തികക്കാരെ എൽഡിഎഫ് സർക്കാർ നിയമിച്ചുവെന്നും ഇതോടെ കാലാവധി പൂർത്തിയാവാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആറ് പേർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റിൽ നിന്ന് ജോലി ലഭിച്ചതെന്നും ജനിഫർ പറയുന്നു.
നിലവിൽ സർക്കാർ കോളേജുകളിൽ 39 ഗസ്റ്റ് അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി തീരും മുമ്പേ ഇവർക്ക് പകരമെങ്കിലും തങ്ങളെ നിയമിച്ച് സഹായിക്കണമെന്ന് റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ അഭ്യർത്ഥിച്ചു.
