ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഊർജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും മൗറീഷ്യസും തമ്മിൽ സുപ്രധാന കരാർ ഒപ്പുവെച്ചു. മൗറീഷ്യസിന്റെ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) തുടങ്ങിയ ഇന്ധന ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും (ഐഒസിഎൽ) മൗറീഷ്യസ് സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനും തമ്മിലാണ് അഞ്ചുവർഷത്തെ ദീർഘകാല കരാറിൽ ഏർപ്പെട്ടത്.

 

പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ മൗറീഷ്യസ് സന്ദർശനത്തിനിടെ, മൗറീഷ്യസ് പ്രധാനമന്ത്രി നവിൻചന്ദ്ര രാംഗൂലാമിന്റെ സാന്നിധ്യത്തിലാണ് ചരിത്രപരമായ ഈ ധാരണാപത്രം ഒപ്പുവെച്ചത്. ദക്ഷിണേഷ്യയ്ക്ക് പുറത്തുള്ള ഒരു രാജ്യവുമായി അടുത്ത കാലത്ത് ഒരു ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനി ഒപ്പുവെക്കുന്ന ആദ്യത്തെ ദീർഘകാല ഇന്ധന വിതരണ കരാറാണിത്.

 

പുതിയ കരാർ വഴി മൗറീഷ്യസിന് തടസ്സമില്ലാതെ സ്ഥിരമായി ഇന്ധനം ലഭ്യമാക്കാനും വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷണം നേടാനും സാധിക്കും. പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണത്തിന് പുറമെ ബയോഫ്യുവൽ മേഖലയിലെ ഗവേഷണം, വിവര കൈമാറ്റം, മൗറീഷ്യസ് ഉദ്യോഗസ്ഥർക്കുള്ള സാങ്കേതിക പരിശീലനം എന്നിവയും കരാറിന്റെ ഭാഗമാണ്.

 

നിലവിൽ 23 റിഫൈനറികളിലൂടെ പ്രതിവർഷം 267 ദശലക്ഷം ടൺ സംസ്കരണ ശേഷിയുള്ള ഇന്ത്യ, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ മുൻനിര ഇന്ധന വിതരണക്കാരായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്. നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങൾക്ക് പുറമെ കൂടുതൽ ആഗോള വിപണികളിലേക്ക് തങ്ങളുടെ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ കരാർ കരുത്തുപകരും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!