കൽപ്പറ്റ: ഓണത്തിന്റെ ആഘോഷപ്പെരുമയിലേക്ക് ജില്ലയെ നയിച്ചുകൊണ്ട് വയനാട് ജില്ലാതല ഓണം വാരാഘോഷങ്ങൾക്ക് തുടക്കമായി. കേരള ടൂറിസം വകുപ്പ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള വാരാഘോഷത്തിന്റെ ഭാഗമായി വിളംബര സൈക്കിൾ, ബുള്ളറ്റ് റാലികൾ നടത്തി. പൂക്കോട് തടാകത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ ഫ്ലാഗ് ഓഫ് ചെയ്തു. കൽപ്പറ്റയിൽ നടന്ന സമാപന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബുള്ളറ്റ് റാലി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി കുന്നമ്പറ്റയിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ നിർവ്വഹിച്ചു.
തിങ്കളാഴ്ച നടക്കുന്ന ആഘോഷ പരിപാടികളിൽ വിളംബരജാഥ, പൂക്കള മത്സരം, കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിരക്കളി, വടംവലി മത്സരം, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും. വരും ദിവസങ്ങളിലും വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള മത്സരങ്ങളും പ്രദർശനങ്ങളും വാരാഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
