തൃശ്ശൂർ: തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയ കുമാരൻ വീടിനകത്തേക്ക് കയറാൻ ഒരുങ്ങവെയാണ് ആക്രമണമുണ്ടായത്. പ്രജിഷ് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് പിന്നിൽ ആഞ്ഞുവെട്ടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രദേശവാസികളും പോലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
