പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ് 

ന്യൂഡൽഹി : രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ കുറച്ചു. രണ്ടു സിലിണ്ടർ ബുക്കിംഗുകൾക്കിടയിലുള്ള ഇടവേള മുൻപുണ്ടായിരുന്ന 30 ദിവസത്തിൽ നിന്ന് 25 ദിവസമായാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുനഃക്രമീകരിച്ചത്. ഗ്രാമീണ മേഖലകളിൽ സിലിണ്ടറുകൾ എത്തുവാൻ അനുഭവപ്പെടുന്ന കാലതാമസവും വിതരണത്തിലെ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് കേന്ദ്രം പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

 

നഗരപ്രദേശങ്ങളിൽ നേരത്തെ തന്നെ രണ്ടാമത്തെ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 21 ദിവസമായി കുറച്ചിരുന്നു. എന്നാൽ ഗ്രാമീണ മേഖലകളിൽ 30 ദിവസത്തെ ഇടവേള തുടർന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയ ഇളവ് പ്രാബല്യത്തിൽ വന്നതോടെ ഗ്രാമീണ ഉപഭോക്താക്കൾക്ക് മുൻപത്തേക്കാൾ വേഗത്തിൽ സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ മൂന്ന് പ്രധാന പൊതുമേഖലാ എണ്ണക്കമ്പനികളുടെയും ഗ്രാമീണ ഉപഭോക്താക്കൾക്ക് ഈ പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.

 

അനാവശ്യമായ പൂഴ്ത്തിവെപ്പും പാചകവാതകത്തിന്റെ ദുരുപയോഗവും തടയുന്നതിന്റെ ഭാഗമായാണ് നേരത്തെ കേന്ദ്ര സർക്കാർ രണ്ട് സിലിണ്ടറുകൾക്കിടയിൽ നിർബന്ധിത സമയപരിധി ഏർപ്പെടുത്തിയത്. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ ഗ്രാമീണ മേഖലയിലുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കൂടുതൽ തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പാചകവാതകം ലഭ്യമാകും. എൽപിജി വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും ഗ്രാമീണ മേഖലയിലെ ബ്ലാക്ക് മാർക്കറ്റിങ് തടയാനും ഈ തീരുമാനം സഹായിക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!