ന്യൂഡൽഹി:ടെലികോം വിപണിയിലെ വമ്പൻ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരെ അമ്പരപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വൻ തിരിച്ചുവരവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജൂലൈ മാസത്തിൽ ഹരിയാന സർക്കിളിൽ ഏറ്റവും കൂടുതൽ മൊബൈൽ ഉപഭോക്താക്കളെ ചേർത്തത് ബിഎസ്എൻഎൽ ആണ്.
ഈ കാലയളവിൽ ഹരിയാനയിൽ മാത്രം 68,560 പുതിയ ഉപഭോക്താക്കളെയാണ് കമ്പനി സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആകെ ഉണ്ടായ മൊബൈൽ കണക്ഷൻ വർദ്ധനവിന്റെ പകുതിയിലധികവും (51.22 ശതമാനം) ബിഎസ്എൻഎല്ലിന്റെ അക്കൗണ്ടിലാണ് രേഖപ്പെടുത്തിയത്. ഇതോടെ ഹരിയാനയിലെ ബിഎസ്എൻഎൽ മൊബൈൽ വരിക്കാരുടെ എണ്ണം 47 ലക്ഷം കവിഞ്ഞു.
ജിയോയെക്കാൾ 1.8 ഇരട്ടിയും എയർടെല്ലിനെക്കാൾ 2.7 ഇരട്ടിയിലധികവും പുതിയ വരിക്കാരെയാണ് ഒറ്റ മാസം കൊണ്ട് ഹരിയാനയിൽ ബിഎസ്എൻഎൽ സ്വന്തമാക്കിയത്. ജൂലൈയിൽ ജിയോ 37,508 ഉപഭോക്താക്കളെയും എയർടെൽ 25,139 ഉപഭോക്താക്കളെയും വോഡഫോൺ ഐഡിയ 2,641 ഉപഭോക്താക്കളെയും മാത്രമാണ് ഈ സർക്കിളിൽ ചേർത്തത്. ഹരിയാനയിലെ തിളക്കമാർന്ന പ്രകടനത്തിന് പുറമെ, രാജ്യമൊട്ടാകെ 1.68 ലക്ഷത്തിലധികം പുതിയ വരിക്കാരെ ജൂലൈയിൽ ബിഎസ്എൻഎൽ നെറ്റ്വർക്കിലേക്ക് എത്തിച്ചു.
ഗ്രാമീണ മേഖലകളിൽ കമ്പനിയുടെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ എട്ട് ലക്ഷത്തിലധികം വർദ്ധനവുണ്ടായതും സാധാരണക്കാർക്കിടയിൽ പൊതുമേഖലാ സ്ഥാപനത്തിനുള്ള സ്വീകാര്യത വീണ്ടും തെളിയിക്കുന്നതായി ട്രായ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
