ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് വയനാട് പോലീസ് 

ബത്തേരി:ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് നടത്തിയ തുടരന്വേഷണത്തിലാണ് ഇവർക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്.

 

തൃശൂർ, ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ ധനൂപ് (27), ബത്തേരി, പള്ളിക്കണ്ടി, കല്ലുവയൽ, ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിന്റെ വൈസറിനുള്ളിൽ സഞ്ചിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 17.188 ഗ്രാം എംഡിഎംഎ യുമായി 27.07.2026 ന് മുത്തങ്ങയിൽ വെച്ച് കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ കെ ഫഹദ് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി കൈമാറിയ എ.കെ ധനൂപ് (27) നെ ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്നും 08.09.2026 ന് പോലീസ് പിടികൂടിയത്.

 

20.07.2026 ന് അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാലി(35)നെ 124.39 ഗ്രാം എം ഡി എം എയുമായി പിടികൂടിയ സംഭവത്തിലാണ് എം.ഡി.എം.എ കൈമാറിയ ബത്തേരി, പള്ളിക്കണ്ടി, കല്ലുവയൽ, ജാസിം അലി (30)യെ 09.09.2026 ന് വൈകീട്ട് ബത്തേരിയിൽ വച്ച് അമ്പലവയൽ പോലീസ് പിടികൂടിയത്. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ മേൽനോട്ടത്തിൽ ബത്തേരി സ്റ്റേഷൻ എസ്.എച്ച്.ഓ കെ.എസ് അജേഷിന്റെയും അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയിയുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്. പ്രത്യേക പരിശീലനം ലഭിച്ച നാര്‍ക്കോട്ടിക് സ്നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്‌ക്വാഡും, പോലീസ് ഡ്രോണും പരിശോധനയില്‍ സജീവമാണ്.

 

സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!