തലശ്ശേരി എംഡിഎംഎ കേസ്; ഡല്‍ഹിയില്‍ പിടിയിലായ വിദേശ വനിതകള്‍ ലഹരി നിര്‍മാതാക്കളെന്ന് പൊലീസ്: വ്യാജ രേഖകളും കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരിയില്‍ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ വിദേശ വനിതകള്‍ ലഹരിമരുന്നിന്റെ നിര്‍മാതാക്കളാണെന്ന് പൊലീസ് വ്യക്തമാക്കി. നൈജീരിയന്‍ സ്വദേശിനി ചിനെലോ ലിലിയന്‍ (36), കാമറൂണ്‍ സ്വദേശിനി ഫിലോമെനെ ചാന്‍സെലിന്‍ (30) എന്നിവരെ പൊലീസ് കണ്ണൂരിലെത്തിച്ചു. വിദേശത്തുനിന്ന് പാര്‍സല്‍ വഴിയാണ് ഇവര്‍ക്ക് ലഹരിമരുന്ന് നിര്‍മാണത്തിനായുള്ള സാമഗ്രികള്‍ എത്തിയിരുന്നത്. പ്രതികളുടെ പക്കല്‍ നിന്ന് 50 വ്യാജ ആധാര്‍ കാര്‍ഡുകള്‍, 15 പാന്‍ കാര്‍ഡുകള്‍, ചെക്ബുക്കുകള്‍, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പൊലീസ് സംഘം കണ്ടെടുത്തു.

 

ന്യൂമാഹിയില്‍ നിന്ന് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാള്‍ പിടിയിലായതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഹരി എത്തിച്ചുനല്‍കിയത് മുഹമ്മദ് സമീലാണെന്ന് വ്യക്തമായി. തുടര്‍ന്ന് സമീലിന്റെ വീട്ടിലും വാഹനത്തിലും നടത്തിയ പരിശോധനയില്‍ 185 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് സമീലിന്റെ ഫോണും ബാങ്ക് രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ‘തബു’ എന്ന വിളിപ്പേരുള്ള മുജ്തബയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്.

 

ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ ലഹരി ഒളിപ്പിച്ച ശേഷം അതിന്റെ ലൊക്കേഷന്‍ ഇടനിലക്കാര്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു തബുവിന്റേത്. ബെംഗളൂരുവില്‍ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് പാര്‍സല്‍ വഴിയാണ് തബു കേരളത്തിലേക്ക് ലഹരി കടത്തിയിരുന്നതെന്ന് വ്യക്തമായതോടെ അന്വേഷണം വിദേശ വനിതകളിലേക്ക് നീളുകയായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ 10 ദിവസത്തോളം ഡല്‍ഹിയില്‍ താമസിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!