കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ ഡ്രൈവിംഗ് പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളില്‍ നിന്നും പോലീസ് തിരഞ്ഞെടുത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 102 ഗോത്ര യുവതികള്‍ക്കായാണ് രണ്ടാം ഘട്ടത്തിൽ ഡ്രൈവിങ് പരിശീലനം നല്‍കുന്നത്.
കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. കാലത്തിനു അനുസരിച്ചു ജീവിത സാഹചര്യങ്ങളിൽ മാറ്റണമെന്നും, ഉയർച്ചയിലേക്കെത്തണമെന്നും, വനിതാ ശാക്തീകരണത്തിന് അവസരം ലഭ്യമാവുന്ന കേരള പോലീസിന്റെ ജനമൈത്രി പദ്ധതികൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും അവർ ആഹ്വാനം ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് മുഖ്യാതിഥിയായി.
ഗോത്ര ജനതയെ ഉയർച്ചയിലെത്തിക്കാനുള്ള വലിയ യജ്ഞത്തിലാണ് പോലീസെന്നും പദ്ധതി പൂർണമായി വിജയിപ്പിക്കുക വഴി ആത്മവിശ്വസം നേടുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുമെന്നും, ഡ്രൈവിംഗ് എന്ന വിദഗ്ദ പരിശീലനം പൂർത്തിയാക്കി അതിന്റെ വിവിധ സാധ്യതകൾ തേടി പോകണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്കം നിൽക്കുന്ന മേഖലകളിൽ സ്വയം വളരുന്നതിന് അനുസരിച്ച് ഒപ്പമുള്ളവരെയും ഉയർത്താൻ ശ്രമം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പോലീസ് ഓഫിസ് മാനേജർ സി.കെ മനേഷ് അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ, ആര്‍.ടി.ഒ പി.ആര്‍. സുമേഷ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ഷുമിൻ എസ്. ബാബു, സോഷ്യല്‍ പോലീസിങ് ജില്ലാ അസി. നോഡല്‍ ഓഫിസര്‍ .എൻ. കെ ദാമോദരൻ, ന്യൂ ഓസ്‌കാര്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രൊപ്പൈറ്റര്‍ പ്രകാശന്‍, സി.പി.ഒ സിയാദ് സൽമാൻ തുടങ്ങിയവര്‍ സംസാരിച്ചു.
ലൈസന്‍സ് നേടുക എന്ന ഗോത്രമേഖലയിലെ നിരവധി പേരുടെ സ്വപ്നങ്ങൾക്കുള്ള വഴിയൊരുക്കുകയാണ് വയനാട് ജനമൈത്രി പോലീസ്. റോഡ് സുരക്ഷയും തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തി ന്യൂ ഓസ്‌കാര്‍ ഡ്രൈവിങ് സ്‌കൂളിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഡിസംബറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തതത്. ആദ്യ ഘട്ടത്തിൽ 104 ഗോത്ര യുവതീ-യുവാക്കള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുകയും എല്ലാ ടെസ്റ്റുകളിലും പാസായ അറുപതോളം പേര്‍ക്ക് ലൈസന്‍സ് വിതരണം ചെയ്യുകയും ചെയ്തു. മറ്റുള്ളവർക്ക് തുടർ പരിശീലനം നടത്തി വരുന്നുണ്ട്. ജില്ലയിൽ പടിഞ്ഞാറത്തറ, അഞ്ചാം മൈൽ, മാനന്തവാടി, പനമരം, കൽപ്പറ്റ എന്നിവിടങ്ങളിലെ ന്യൂ ഓസ്കാർ ഡ്രൈവിംഗ് സ്കൂളുകളിലാണ് പരിശീലനം നൽകുന്നത്. യുവതികൾക്ക് സൗകര്യമുള്ള സമയത്ത് പരിശീലനം നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്
എ.എസ്.ഐമാരായ ബിനോയ് ഐസക്ക്, സിനു ജോർജ്, ചന്ദ്രബാബു, എസ്.സി.പി.ഒമാരായ കെ.കെ. പ്രഭാകരന്‍, മഹേഷ് എ. രാജ്, ടി.എം. രമേശന്‍, ടി.കെ. ദീപ, കമറുദ്ധീൻ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.
