ആരോഗ്യ ഇൻഷുറൻസ് പദ്ധതി; സാങ്കേതിക സമിതി നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും: കെ. മുരളീധരൻ

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി ഇൻഷുറൻസ് രംഗത്തെ പ്രമുഖ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സമിതി നാല് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.

 

യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ സി.എം.ഡിയും മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഐ.ആർ.ഡി.എ.ഐ മുൻ അംഗം പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ സി.എം.ഡി കെ. സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധാംഗങ്ങൾ. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരും അംഗങ്ങളാണ്.

 

വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി കുറച്ച് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് പദ്ധതിയുടെ ലക്ഷ‍്യം. എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) മുഖേന ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്നത് പദ്ധതിയുടെ പരിഗണനയിലുണ്ട്. നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും സമിതി പരിശോധിക്കും. ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനൽമെന്റ്, ക്ലെയിം മാനേജ്മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാരം എന്നിവയും സമിതി വിശദമായി പരിശോധിക്കും.

 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച ‘ഇന്ദിരാഗ്യാരന്റി’കളിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്. 2026–27ലെ സംസ്ഥാന ബഡ്ജറ്റിലും സാർവത്രിക ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!