മാനന്തവാടി: മാനന്തവാടി പള്ളിയറക്കൊല്ലി – വരടിമൂല റോഡിലെ കോൺക്രീറ്റ് കയറ്റത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ബ്രേക്ക് കിട്ടാഞ്ഞതാണ് അപകടത്തിന് കാരണമായത്. വാഹനം പെട്ടെന്ന് നിയന്ത്രണം തെറ്റി പിന്നോട്ട് ഉരുണ്ട് (റിവേഴ്സ് വന്ന്) മറിയുകയായിരുന്നു. വലിയ ശബ്ദത്തോടെ വാഹനം മറിഞ്ഞെങ്കിലും സിലിണ്ടറുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരുന്നതും ഗ്യാസ് ചോർച്ച ഉണ്ടാകാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
വിവരമറിഞ്ഞ് പ്രദേശവാസികൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സമുണ്ടായി.
