സുൽത്താൻ ബത്തേരി വികസനം’ വാട്സാപ്പ് കൂട്ടായ്മനിർധന കുടുംബത്തിന് വീടൊരുക്കുന്നു

സുൽത്താൻ ബത്തേരി: വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി രൂപംകൊണ്ട ‘ബത്തേരി വികസനം’ വാട്സാപ്പ് കൂട്ടായ്മ നാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകയാകുന്നു. തകർന്നു വീഴാറായ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി അംഗങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ സമാഹരിച്ച് നിർധന കുടുംബത്തിന് സുരക്ഷിതമായ ഭവനമൊരുക്കുകയാണ് ഈ ജനകീയ കൂട്ടായ്മ. ഔദ്യോഗിക നടപടികളിലെ കാലതാമസം ഒഴിവാക്കി നിർധന കുടുംബത്തിന്റെ കണ്ണീരൊപ്പാൻ അടിയന്തരമായി സഹായമെത്തിക്കുകയായിരുന്നുവെന്ന് അഡ്മിൻമാർ വ്യക്തമാക്കി.

 

2018-ൽ സുൽത്താൻ ബത്തേരിയുടെ വികസന പ്രശ്നങ്ങൾ പഠിച്ച് നഗരസഭയുടെയും ഭരണകൂടത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ, വ്യാപാരികൾ, കർഷകർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള 550-ലേറെ അംഗങ്ങൾ ഇതിൽ സജീവമാണ്. രാത്രിയാത്രാ നിരോധനം, നഞ്ചൻകോട്–നിലമ്പൂർ റെയിൽവേ പാത തുടങ്ങിയ പൊതുവിഷയങ്ങളിലും സജീവ ഇടപെടലുകളാണ് കൂട്ടായ്മ നടത്തുന്നത്.

 

ഇതിനോടകം നൂറിലധികം നിർധന രോഗികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാ സഹായം നൽകാൻ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. കിടപ്പുരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കൽ, ആംബുലൻസുകൾക്ക് സുഗമമായ വഴിയൊരുക്കൽ, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം തുടങ്ങിയ നിരവധി സാന്ത്വന പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ നന്മയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ, തങ്ങളുടെ ‘ആരവം’ മെഗാ കുടുംബ സംഗമത്തിന്റെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങളിലാണ്. പ്രവർത്തനങ്ങൾക്ക് സന്നദ്ധ–സാമൂഹിക പ്രവർത്തകരായ സി.വി. ഷിറാസ്, എ.പി. മുസ്തഫ, പ്രദീപ് ഉഷ, എൻ. നിസാർ, വിനയകുമാർ അഴിപ്പുറം എന്നിവർ നേതൃത്വം നൽകുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!