വീടിൻ്റെ വരാന്തയിൽ തലയിടിച്ച് വീണ് 2 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വളയത്ത് വീടിൻ്റെ വരാന്തയിൽ തലയിടിച്ച് വീണ് 2 വയസുകാരന് ദാരുണാന്ത്യം. ജിതിൻ , ബിജിഷ ദമ്പതികളുടെ മകൻ യവിൻ യുവിക് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീണതിനെ തുടർന്ന് അല്പം കരഞ്ഞ കുട്ടി പിന്നീട് മയങ്ങിപ്പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചു നോക്കിയപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ അത്വിക്.

 

കുട്ടികൾ തലയിടിച്ചു വീണാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 

കുട്ടികൾ ഉയരത്തിൽ നിന്നു തലയിടിച്ചു വീണാൽ മിക്കവാറും കുട്ടികൾ വീഴ്ചയ്ക്കു ശേഷം ഒന്നു മയങ്ങുകയോ ഛർദിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ രണ്ടിലധികം തവണ തുടർച്ചയായി ഛർദിക്കുക, ദീർഘ നേരത്തെ മയങ്ങുക, ഉദാസീനത കാണിക്കുക, പിടിവാശി കാണിക്കുക, കഠിനമായ തലവേദനയുള്ളതായി പരാതിപ്പെടുക, അബോധാവസ്ഥയുണ്ടാകുക, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഓർമക്കുറവ്, കൈകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ കാണിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതുണ്ട്.

 

ഇവയെല്ലാം മസ്തിഷ്കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കിൽ കുട്ടിക്കു തീർച്ചയായും സിടി സ്കാൻ ചെയ്യണം. ഛർദിയുണ്ടെങ്കിൽ ഒരു വശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയിൽ മുറിവുണ്ടായാല്‍ നന്നായി മുറുകെ കെട്ടിവയ്ക്കണം. മുഴച്ചു വന്നിട്ടുണ്ടെങ്കിൽ ഐസ് വയ്ക്കുന്നതു നല്ലതാണ്. മുഴ ശക്തിയായി തിരുമ്മുന്നതു നല്ലതല്ല.എന്തെങ്കിലും അപാകത തോന്നിയാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!