പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിൽ 12 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ദിലീപ് റോയ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബംഗാൾ-ബീഹാർ അതിർത്തിക്ക് സമീപം റായ്ഗഞ്ചിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുലിക് നദിക്ക് സമീപത്തെ വനമേഖലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാല് ദിവസമായി പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിർത്തി കടന്ന് ബീഹാറിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസിന് നേരെ വെടിവെച്ചതോടെയാണ് പോലീസ് തിരിച്ചടി നൽകിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ ദിലീപ് റോയിയെ റായ്ഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോലീസിന് നേരെ ആക്രമണം ഉണ്ടാകുമ്പോൾ സ്വയംരക്ഷയ്ക്കായി തിരിച്ചടിക്കാൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അവകാശമുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പോലീസ് എല്ലാ പ്രതികൾക്ക് നേരെയും വെടിയുതിർക്കാറില്ലെന്നും തങ്ങളെ ആക്രമിക്കുന്ന അവസരങ്ങളിൽ മാത്രമാണ് തിരിച്ചടിക്കുന്നതെന്നും ദിഘയിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവയിൽ തന്റെ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്. മുൻപ് ജൂലൈയിലും ഒക്ടോബറിലും സമാനമായ രീതിയിൽ പീഡനക്കേസുകളിലെയും കൊലപാതകക്കേസുകളിലെയും പ്രതികൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് ഭരിക്കുന്ന ബി.ജെ.പി സർക്കാർ വ്യക്തമാക്കുമ്പോൾ സംഭവത്തിൽ കൃത്യമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
