ന്യൂഡൽഹി:ടെലികോം ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും എളുപ്പവും ഉറപ്പാക്കിക്കൊണ്ടാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റീച്ചാർജ് പ്ലാനുകളുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. 28 ദിവസത്തെ പ്രീ പെയ്ഡ് പ്ലാനുകളാണ് 30 ദിവസത്തേക്കാക്കി മാറ്റാൻ ട്രായ് ഉത്തരവിട്ടത്.
റീച്ചാർജ് പ്ലാനുകളിൽ മാറ്റം വരുത്തുന്നതിനു പുറമേ ടെലികോം കമ്പനികളുടെ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും പ്ലാനുകളും വൗച്ചറുകളും ഇനിമുതൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് ട്രായ്. ഒക്ടോബർ 1-നാണ് ടെലികോം ഓപ്പറേറ്റർമാർക്കായി ട്രായ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
പല ഉപയോക്താക്കളും തങ്ങൾക്ക് ആവശ്യമുള്ള ട്രായ് മാന്റേറ്റ് പ്ലാമുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നതായി പരാതി ഉയർന്നിരുന്നു. വിവിധ കമ്പനികളുടെ വെബ്സൈറ്റുകളിലും ആപ്പുകളിലും ഇത്തരം പ്ലാനുകൾ പല വിഭാഗങ്ങളിലായി ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും, ഇവ കണ്ടെത്താൻ ഉപയോക്താക്കൾ പല പേജുകളിലൂടെയും സ്ക്രീനുകളിലൂടെയും മാറിമാറി പോകേണ്ടി വരുന്നുണ്ടെന്നും ട്രായിയുടെ പരിശോധനയിലും വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ് ഉപയോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അതോറിറ്റി കർശന നടപടിയെടുത്തത്
ഇനിമുതൽ എല്ലാ ടെലികോം സേവന ദാതാക്കളും തങ്ങളുടെ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലെ പ്രീപെയ്ഡ് റീചാർജ് വിഭാഗത്തിലും TRAI-Mandated Packs എന്ന പേരിൽ വ്യക്തമായി കാണുന്ന രീതിയിൽ ഒരു പ്രത്യേക ടാബോ സെക്ഷനോ നൽകേണ്ടതാണ്.
റീചാർജ് സെക്ഷൻ തുറക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന രീതിയിൽ ഈ വിഭാഗം ആദ്യത്തെ ടാബായി നൽകണം. കമ്പനികളുടെ എക്സ്ക്ലൂസീവ് സെയിൽസ് ഔട്ട്ലെറ്റുകളിലും ഇത് പ്രമുഖമായി പ്രദർശിപ്പിക്കേണ്ടതാണ്. ഉത്തരവ് പാലിക്കുന്നതിനായി ടെലികോം കമ്പനികൾക്ക് ട്രായ് 30 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇതിനകം തന്നെ എല്ലാ പ്രമുഖ ടെലികോം കമ്പനികളും ഈ നിർദ്ദേശം നടപ്പിലാക്കേണ്ടതുണ്ട്.
കുറഞ്ഞ ചെലവിലുള്ള പ്ലാനുകൾ എളുപ്പമാക്കാൻ ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കൾക്കും കുറഞ്ഞ വരുമാനമുള്ള സാധാരണക്കാർക്കും സഹായകരമാകുന്ന സ്റ്റാൻഡേർഡ് വോയ്സ്, എസ്.എം.എസ് വൗച്ചറുകളും മറ്റു നിർബന്ധിത പാക്കേജുകളും ഉപയോക്താക്കൾക്ക് തിരഞ്ഞുപിടിക്കാൻ ഇനി പ്രയാസപ്പെടേണ്ടി വരില്ല.
28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തേക്കായി മാറ്റുമ്പോൾ വലിയ സാമ്പത്തിക ലാഭമാണ് ഉപയോക്താക്കൾക്ക് ഉണ്ടാവുക. എന്നാൽ 28 ദിവസത്തെ പ്ലാനുകൾ അതേപടി 30 ദിവസത്തേക്ക് മാറ്റുകയല്ല ഇവിടെ ചെയ്യുന്നത്. വോയിസ് ആന്റ് എസ്.എം.എസ് ഓൺലി പ്ലാനുകൾ 30 ദിവസത്തേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ 22 മുതലാണ് പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരിക. ഇതോടെ 12 മാസം 13 തവണ റീചാർജ് ചെയ്തിരുന്നത് 12 മാസം 12 തവണ എന്ന രീതിയിലേക്ക് മാറും. പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ ടെലികോം സേവനങ്ങൾ ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യവും സുഗമവുമായി മാറും.
