ഓട്ടോ ചാർജ് വർദ്ധിപ്പിക്കാമെങ്കിൽ ബസ് ചാർജ് എന്തുകൊണ്ട് വർദ്ധിപ്പിച്ചു കൂടാ?; ബസ്സുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ബസ് ചാർജ് വർദ്ധിപ്പിച്ചു കൂടാ എന്ന് ചോദിച്ച് സ്വകാര്യ ബസ്സുടമകൾ രംഗത്ത് ബസ് ചാർജ് ഇപ്പോള്‍ വർദ്ധിപ്പിക്കില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബസ്സുടമകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. നിരക്ക് വർദ്ധനവ് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ, എല്ലാ ബസ് ഉടമ സംഘടനകളും ഒരുമിച്ചു ചേർന്ന് ശക്തമായ സംയുക്ത സമരമുഖത്തേക്ക് ഇറങ്ങുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

 

നാല് വർഷം മുൻപ് നിരക്ക് കൂട്ടിയ ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് പ്രവർത്തനച്ചെലവ് പരിഗണിച്ച് നിരക്ക് വർദ്ധിപ്പിക്കാൻ തയ്യാറാകുന്ന സർക്കാർ, നാലര വർഷം മുൻപ് മാത്രം നിരക്ക് കൂട്ടിയ സ്വകാര്യ ബസ്സുകളെ മാത്രം അവഗണിക്കുന്നത് എന്തിനാണെന്നാണ് ബസ്സുടമകളുടെ പ്രധാന ചോദ്യം. ഇന്ധനവില, എഞ്ചിൻ ഓയിൽ, സ്പെയർ പാർട്സ്, ടയറുകൾ, കൂടാതെ പുതിയ ബസ്സിന്റെയും ഷാസിയുടെയും വില തുടങ്ങി ബസ് നടത്തിപ്പിന്റെ സർവ്വ മേഖലകളിലും ഭീമമായ വിലവർദ്ധനവാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഈ ദയനീയ സാഹചര്യത്തിൽ നിലവിലെ കനത്ത നഷ്ടം നികത്താൻ യാത്രാനിരക്ക് ഉടൻ വർദ്ധിപ്പിക്കുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്നും ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.

 

ബസ്സുടമകൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ:

 

1. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവിന് ആനുപാതികമായി സ്വകാര്യ ബസ്സുകളുടെ അടിസ്ഥാന യാത്രാനിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കുക.

 

2. കഴിഞ്ഞ 15 വർഷമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്ന വിദ്യാർത്ഥി കൺസെഷൻ സമ്പ്രദായത്തിൽ കാലോചിതമായ മാറ്റം വരുത്തുക.

 

3. നിലവിലെ നാമമാത്രമായ ഒരു രൂപ നിരക്ക് മാറ്റി, വിവിധ കമ്മീഷനുകൾ മുൻപ് ശുപാർശ ചെയ്തതുപോലെ വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക, അല്ലെങ്കിൽ യഥാർത്ഥ യാത്രാനിരക്കിന്റെ 50 ശതമാനം തുക കൺസെഷൻ നിരക്കായി കർശനമായി നിശ്ചയിക്കുക.

 

ഈ രണ്ട് പ്രധാന ആവശ്യങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ, സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസ് സർവീസുകളും പൂർണ്ണമായും സ്തംഭിക്കുന്ന രീതിയിലുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!