വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡിന് മന്ത്രിയുടെ ഉറപ്പ്

കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര മേഖലയുടെ ചിരകാലാഭിലാഷമായ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ് പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. വനഭൂമി പരമാവധി കുറയുന്ന രീതിയിൽ പുതിയ അലൈൻമെന്റ് തയാറാക്കാൻ ഇടപെടൽ നടത്തുമെന്നും പദ്ധതിയുടെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം തന്നെ ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കി.

 

പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബാബു കൂനംതടത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം തിരുവനന്തപുരത്തെത്തി മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ പാതയ്ക്ക് പ്രധാന തടസമായി നിൽക്കുന്നത് വനംവകുപ്പിന്റെ അനുമതിയാണ്. ഇത് മറികടക്കാൻ വനഭൂമി ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഏറ്റെടുക്കേണ്ടി വരുന്ന തരത്തിൽ പുതിയ അലൈൻമെന്റ് തയാറാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. വയനാട്ടിലേക്കുള്ള യാത്രയിൽ താമരശേരി ചുരത്തിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും മണ്ണിടിച്ചിൽ ഭീഷണിക്കും ഏറ്റവും അനുയോജ്യമായ ബദൽ മാർഗമാണ് പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ്. റോഡ് യാഥാർഥ്യമാകുന്നതോടെ പെരുവണ്ണാമൂഴി, ചക്കിട്ടപാറ, കൂരാച്ചുണ്ട്, പടിഞ്ഞാറത്തറ പ്രദേശങ്ങളിലെ കാർഷിക-ടൂറിസം മേഖലകൾക്ക് വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാനും ഇതിലൂടെ സാധിക്കും. പൊതുമരാമത്ത്-വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ മാസം തന്നെ പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകുമെന്ന് സംഘത്തെ അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!