രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. പാകിസ്ഥാനിൽ നിന്നും കടൽമാർഗം മുംബൈ തീരത്തെത്തിയ പത്ത് ലഷ്‌കർ ഇ തയ്ബ ഭീകരർ സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വെടിയൊച്ചകളും നിലവിളികളും മുംബയ് നഗരത്തെ ഭീതിയിലാഴ്ത്തി. നഗരം കൊലക്കളമായി മാറി

 

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടൽ, നരിമാൻ ഹൗസ്, ലിയോ പോൾസ് കഫേ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചുവിട്ടു. വിദേശികളടക്കം കൊല്ലപ്പെട്ടത് 166 പേർ. മൂന്നു ദിവസം രാജ്യം ആശങ്കയുടെ മുൾമുനയിൽ നിന്നു. നവംബർ 29-ന് രാവിലെ എട്ടുമണിയോടെ ഏറ്റുമുട്ടൽ അവസാനിച്ചു. 9 ഭീകരരെ സൈന്യം വധിച്ചു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളി എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി.

 

ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ലോകത്തിനു മുന്നിൽ ഉറപ്പിച്ച സംഭവമായിരുന്നു മുംബയ് ഭീകരാക്രമണം. മുംബയ്ക്കുശേഷം 2016ൽ പത്താൻകോട്ട് വ്യോമസേനാ താവളവും 2016ൽ ഉറി സൈനിക ക്യാമ്പും 2019ൽ പുൽവാമ ആക്രമണവും 2025 പഹൽഗാം ഭീകരാക്രമണവും ഇന്ത്യ കണ്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് കനത്ത മറുപടി നൽകിയെങ്കിലും പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകൾ ഇന്ത്യയെ ഇപ്പോഴും ലക്ഷ്യം വച്ചുകൊണ്ടിരിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!