ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ഒരാൾ മരിച്ചു തീരദേശവാസികളെ ഒഴിപ്പിക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിലെ മൊളുക്ക കടലിൽ വ്യാഴാഴ്‌ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. പ്രാദേശിക സമയം രാവിലെ 06:48-ഓടെയാണ് രാജ്യം നടുങ്ങിയ ഭൂചലനമുണ്ടായത്.

 

വടക്കൻ സുലവേസിയിലെ മിനഹാസയിൽ കെട്ടിടാവശിഷ്ട‌ങ്ങൾക്കിടയിൽപ്പെട്ട് 70 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മനാഡോ നഗരത്തിലെ സ്പോർട്‌സ് കോംപ്ലക്‌സ് ഉൾപ്പെടെയുള്ള നിരവധി കെട്ടിടങ്ങൾ തകരുകയും വൻ നാശനഷ്ട‌ങ്ങൾ സംഭവിക്കുകയും ചെയ്തു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ ജനങ്ങൾ പ്രാണരക്ഷാർത്ഥം ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായി.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 1,000 കിലോമീറ്റർ ചുറ്റളവിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ നൽകുന്ന മുന്നറിയിപ്പ്. ഇന്തോനേഷ്യ കൂടാതെ ജപ്പാൻ തീരങ്ങളിലും നേരിയ തോതിൽ കടൽനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജപ്പാൻ കാലാവസ്ഥാ ഏജൻസിയും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു.

 

പ്രധാന ഭൂചലനത്തിന് പിന്നാലെ 5.5, 5.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ തുടർചലനങ്ങളും അനുഭവപ്പെട്ടു. ഇനിയും തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ ജിയോളജിക്കൽ ഏജൻസി അറിയിച്ചു.

 

രണ്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടെർനേറ്റ് നഗരത്തിന് 120 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെറെ പ്രഭവകേന്ദ്രം. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങളുടെ പൂർണ്ണരൂപം ഇനിയും ലഭ്യമായിട്ടില്ല.

 

തീവ്രത: 7.4 (റിക്‌ടർ സ്കെയിൽ)

 

സമയം: വ്യാഴാഴ്‌ച രാവിലെ 06:48 (പ്രാദേശിക സമയം)

 

പ്രഭവകേന്ദ്രം: മൊളുക്ക കടൽ (ടെർനേറ്റിൽ നിന്ന് 120 കി.മീ അകലെ)

 

മരണം: 1 (സ്ഥിരീകരിച്ചത്)

 

സുനാമി മുന്നറിയിപ്പ്: ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *