ന്യൂഡൽഹി:ബോര്‍ഡിങ് സ്റ്റേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിച്ച് ഇന്ത്യൻ റെയില്‍വെ. ഇന്ത്യൻ റെയില്‍വേയുടെ ’52 ആഴ്ചയില്‍ 52 പരിഷ്കാരങ്ങള്‍’ (52 Reforms in 52 Weeks) പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് ഇപ്പോള്‍ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്ബ് വരെ തങ്ങളുടെ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ സാധിക്കും.നേരത്തെ, ചാർട്ട് തയ്യാറാക്കുന്നതിന് മുൻപായി ചുരുങ്ങിയത് 24 മണിക്കൂർ മുമ്പെങ്കിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമായിരുന്നു.
പുതിയ നിയമപ്രകാരം, യാത്രക്കാർക്ക് തങ്ങളുടെ കണ്‍ഫേംഡ് സീറ്റുകള്‍ നഷ്ടപ്പെടാതെ തന്നെ സൗകര്യപ്രദമായ മറ്റൊരു സ്റ്റേഷനില്‍ നിന്ന് ട്രെയിൻ കയറാൻ സാധിക്കും. ആദ്യത്തെ റിസർവേഷൻ ചാർട്ടില്‍ ഈ മാറ്റം പ്രതിഫലിക്കില്ലെങ്കിലും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്ബ് തയ്യാറാക്കുന്ന രണ്ടാമത്തെ ചാർട്ടില്‍ പുതിയ ബോർഡിംഗ് പോയിന്റ് രേഖപ്പെടുത്തും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒന്നിലധികം റെയില്‍വേ സ്റ്റേഷനുകളുള്ള വൻനഗരങ്ങളില്‍ താമസിക്കുന്ന യാത്രക്കാർക്ക് ഈ മാറ്റം ഉപകാരപ്പെടും. നഗരപരിധിയിലുള്ള ഏത് സ്റ്റേഷനില്‍ നിന്നും ട്രെയിൻ കയറാനുള്ള ഇതോടെ യാത്രക്കാര്‍ക്ക് സാധിക്കും. മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിലെ യാത്രക്കാർക്കും ഇത് വലിയ സഹായമാകും.
ഉദാഹരണത്തിന് നിങ്ങള്‍ സ്റ്റേഷൻ എ-യില്‍ നിന്ന് സ്റ്റേഷൻ Z-ലേക്ക് പോകാൻ ടിക്കറ്റ് എടുത്തു എന്ന് കരുതുക. എന്നാല്‍ പെട്ടെന്നുണ്ടായ സാഹചര്യങ്ങള്‍ കാരണം നിങ്ങള്‍ക്ക് സ്റ്റേഷൻ എ-യില്‍ എത്താൻ സാധിച്ചില്ല. പകരം അടുത്ത സ്റ്റോപ്പായ സ്റ്റേഷൻ ബി-യില്‍ നിന്ന് കയറുന്നതാണ് സൗകര്യപ്രദം. ചാർട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ സ്റ്റേഷൻ എ-യില്‍ നിന്ന് നിങ്ങള്‍ കയറിയില്ലെങ്കില്‍ നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാൻ ടിടിഇ ക്ക് അധികാരമുണ്ടായിരുന്നു.
ട്രെയിൻ സ്റ്റേഷൻ എ-യില്‍ നിന്ന് പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ നിങ്ങള്‍ക്ക് ഡിജിറ്റലായി ഐആര്‍സിറ്റിസി വെബ്സൈറ്റ് വഴി ബോർഡിങ് പോയിന്റ് സ്റ്റേഷൻ ബി-യിലേക്ക് മാറ്റാം. ഇതോടെ സ്റ്റേഷൻ ബി വരെ നിങ്ങളുടെ സീറ്റ് സുരക്ഷിതമായിരിക്കും.2026 ലെ ബോർഡിങ് പോയിന്‍റ് മാറ്റ നിയമങ്ങള്‍ പ്രകാരം, സ്ഥിരീകരിച്ച ടിക്കറ്റുകളും ആര്‍എസി (റീസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ) ടിക്കറ്റുകളും ഉള്ള യാത്രക്കാർക്ക് മാത്രമേ ഇന്ത്യൻ റെയില്‍വേ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ. ബോർഡിങ് പോയിന്റില്‍ ഒരു തവണ മാത്രമേ മാറ്റം വരുത്താൻ കഴിയൂ, രണ്ടാമത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്ബ് അപേക്ഷിക്കണം.
ബോര്‍ഡിങ് സ്റ്റേഷൻ എങ്ങനെ മാറ്റാം
1. നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ഐആർസിടിസി അക്കൗണ്ട് ലോഗിൻ ചെയ്യുക
2. Booked Ticket History പരിശോധിക്കുക
3. ടിക്കറ്റ് തെരഞ്ഞെടുക്കുക: ഏത് ടിക്കറ്റിലാണോ മാറ്റം വരുത്തേണ്ടത്, ആ ടിക്കറ്റ് സെലക്‌ട് ചെയ്ത ശേഷം ‘Change Boarding Point’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
4. സ്റ്റേഷൻ തെരഞ്ഞെടുക്കുക: ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളുടെ പട്ടിക ഒരു പോപ്പ്-അപ്പ് വിൻഡോയില്‍ തെളിഞ്ഞുവരും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള പുതിയ ബോർഡിങ് സ്റ്റേഷൻ തെരഞ്ഞെടുക്കുക
5. പുതിയ സ്റ്റേഷൻ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ സിസ്റ്റം ഒരു കണ്‍ഫർമേഷൻ ചോദിക്കും. മാറ്റം വരുത്താൻ ‘OK’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
6. ബോർഡിങ് സ്റ്റേഷൻ മാറിയാല്‍ സ്ക്രീനില്‍ ഒരു ‘Success Alert’ സന്ദേശം ദൃശ്യമാകും
7. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നല്‍കിയ മൊബൈല്‍ നമ്ബറിലേക്ക് ബോർഡിങ് പോയിന്‍റ് മാറ്റിയത് സംബന്ധിച്ച എസ്‌എംഎസ് ലഭിക്കും.





