യു.എസിന്റെ രണ്ടു പോർവിമാനങ്ങളും കോപ്‌ടറുകളും തകർത്തു; പൈലറ്റിനായി തിരച്ചിൽ

തെഹ്റാൻ: സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ, തിരിച്ചടി ശക്തമാക്കി ഇറാൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിന്റെ രണ്ടു അത്യാധുനിക യുദ്ധ വിമാനങ്ങൾ ഇറാൻ തങ്ങളുടെ വ്യോമമേഖലയിൽ തകർത്തു.

 

വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട മൂന്നു പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ രണ്ടുപേരെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് യു.എസ് സ്പെഷൽ ഫോഴ്സ് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. എന്നാൽ, ഒരു പൈലറ്റിനെ ഇതുവരെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ടു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു. എന്നാൽ, ഈ കോപ്‌ടറുകൾ ഇറാൻ വ്യോമാതിർത്തി കടന്ന് രക്ഷപ്പെട്ടതായി യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

 

പൈലറ്റിനെ കണ്ടെത്താനായി മധ്യ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ അമേരിക്കൻ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കറൂൺ നദിക്ക് മുകളിലുള്ള പാലത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന വിമാനങ്ങൾക്കുനേരെ ഇറാനും ആക്രമണം ശക്തമാക്കി. കാണാതായ പൈലറ്റിനായുള്ള യു.എസ് സേനയുടെ തിരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിലെ സൈനിക ആക്രമണങ്ങൾ ഇസ്രയേൽ തത്കാലത്തേക്ക് നിർത്തിവെച്ചു.

 

ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം തുടങ്ങിയതു മുതൽ യു.എസിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. അമേരിക്കയിൽ യുദ്ധത്തിനുള്ള പിന്തുണ കുറഞ്ഞുവരുന്നതിനിടെയാണ് തിരിച്ചടികളും. യുദ്ധത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച് ട്രംപ് ഭരണകൂടം വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. അതിനിടെ, യു.എസ് സുഹൃത്തു രാജ്യം വഴി 24 മണിക്കൂർ വെടിനിർത്തലിന് അഭ്യർഥിച്ചതായി ഇറാൻ അവകാശപ്പെട്ടു. രണ്ടു സീറ്റുള്ള അമേരിക്കയുടെ അഞ്ചാം തലമുറ F-15 സ്ട്രൈക്ക് ഈഗിൾ പോർവിമാനമാണ് വെള്ളിയാഴ്ച രാവിലെ ഇറാൻ റവലൂഷനറി ഗാർഡിന്റെ (ഐ.ആർ.ജി.സി) വ്യോമ പ്രതിരോധ സംവിധാനം തകർത്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *