ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് സീസണിലെ ആദ്യ തോല്‍വി;വൈഭവ്-ജയ്സ്വാള്‍ വെടിക്കെട്ടില്‍ രാജസഥാന് തകര്‍പ്പൻ ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് സീസണിലെ ആദ്യ തോല്‍വി. ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിനെ രാജസ്ഥാന് റോയല്‍സാണ് ആറ് വിക്കറ്റിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം നാലു പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ യശസ്വി ജയ്സ്വാളും ഡൊണോവന്‍ ഫെരേരയും തകര്‍ത്തടിച്ച വൈഭവ് സൂര്യവംശിയും ശുഭം ദുബെയുമാണ് രാജസ്ഥാന്‍റെ ജയം ആധികാരികമാക്കിയത്. ജയത്തോടെ രാജസ്ഥാന്‍ 9 മത്സരങ്ങളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും 13 പോയന്‍റുള്ള പഞ്ചാബ് തന്നെയാണ് ഒന്നാമത്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 222-4, രാജസ്ഥാന്‍ റോയല്‍സ് 19.2 ഓവറില്‍ 228-4.

 

26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊണോവന്‍ ഫെരേരയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ജയ്സ്വാള്‍ 27 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ ശുഭം ദുബെ 12 പന്തില്‍ 31 റണ്‍സുമായി ഫെരേരക്കൊപ്പം വിജയത്തില്‍ കൂട്ടായി. വൈഭവ് സൂര്യവംശി 16 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തി 43 റണ്‍സെടുത്ത് രാജസ്ഥാന് മിന്നല്‍ തുടക്കം നല്‍കിയപ്പോള്‍ ക്യാപ്റ്റൻ റിയാന്‍ പരാഗ് 16 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി. 20 പന്തില്‍ 16 റണ്‍സെടുത്ത ധ്രുവ് ജുറെല്‍ നിരാശപ്പെടുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ് സൂര്യവംശി-യശസ്വി ജയ്സ്വാള്‍ സഖ്യം 3.2 ഓവറില്‍ 51 റണ്‍സടിച്ച്‌ രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.

 

ക്യാപ്റ്റൻ റിയാന്‍ പരാഗിനെ നഷ്ടമായപ്പോള്‍ പതിനാലാം ഓവറില്‍ 151-4 എന്ന സ്കോറില്‍ പതറിയ രാജസ്ഥാനെ അവസരത്തിനൊത്തുയര്‍ന്ന ഡൊണോവന്‍ ഫെരേരയും ശുഭം ദുബെയുമാണ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പഞ്ചാബ് നിരയില്‍ യുസ്‌വേന്ദ്ര ചാഹല്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 68 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ലോക്കി ഫെര്‍ഗൂസൻ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ നാലോവറില്‍ 41 റണ്‍സ് വഴങ്ങി.

 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 222 റണ്‍സെടുത്തത്. 22 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി പുറത്താകാതെ 62 റണ്‍സെടുത്ത സ്റ്റോയ്നിസാണ് 200ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 222 റണ്‍സിലെത്തിച്ചത്. 18-ാം ഓവറിലെ അവസാന പന്തില്‍ നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താവുമ്പോള്‍ 181 റണ്‍സായിരുന്നു പഞ്ചാബിന്‍റെ സ്കോര്‍. എന്നാല്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സ് അടക്കം 17 റണ്‍സെടുത്ത സ്റ്റോയ്നിസ് ബ്രിജേഷ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സ് കൂടി നേടി 222ല്‍ എത്തി. അവസാന രണ്ടോവറില്‍ മാത്രം 41 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പ്രിയാന്‍ഷ് ആര്യ 11 പന്തില്‍ 29 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് മൂന്നോവറില്‍ 37 റണ്‍സിലെത്തി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *