ചെന്നൈ: തമിഴ്നാട്ടിൽ ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഗവർണറെ കാണാൻ വിജയ് ലോക്ഭവനിലെത്തിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്നാം വട്ടം എത്തിയത്. 108 എം എൽ എ മാരുള്ള ടി വി കെക്ക് കോൺഗ്രസ് 5, സി പി എം 2, സി പി ഐ 2, മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എൽ എമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയതോടെ വിജയ് യെ സർക്കാർ രൂപികരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള അനുവാദവും ലഭിച്ചു. ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സി പി എം, സി പി ഐ, ലീഗ്, വി സി കെ ഓഫീസുകളിലേക്ക് എത്തും. നാളെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് ടി വി കെ അറിയിച്ചിട്ടുള്ളത്.
വിജയ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് ടി.വി.കെ

