കോഴിക്കോട്: പ്രതി മുങ്ങിയതിനെ ത്തുടർന്ന് ജാമ്യം നിന്ന ആദിവാസി സ്ത്രീക്ക് കോടതി വിധിച്ച പിഴത്തുക ഒടുവിൽ കോടതിയുടെതന്നെ ഇടപെടലിനെത്തുടർന്ന് സർക്കാർ എഴുതിത്തള്ളി. വയനാട് കേണിച്ചിറ പോലീസ് 2007ൽ രജിസ്റ്റർ ചെയ്ത കേസിൽ 2008ലാണ് വാസവി എന്ന ആദിവാസി സ്ത്രീ പ്രതിക്കായി ജാമ്യം നിന്നത്.പ്രതി കോടതിയിൽ ഹാജരാകാത്തതോടെ 2010 ഏപ്രിൽ ആറിനാണ് കല്പപറ്റ സെഷൻസ് ജഡ്ജി ക്രിമിനൽ നടപടിക്രമം 446-ാം വകുപ്പു പ്രകാരം 20,000 രൂപ പിഴ വിധിച്ചത്. വാസവിക്ക് സ്വന്തമായി വസ്തുക്കൽ ഇല്ലാത്തതിനാൽ റവന്യു വകുപ്പിന് ജപ്തിയിലൂടെ തുക ഈടാക്കാൻ കഴിഞ്ഞില്ല. കുടുംബാംഗങ്ങളുമായി കൂട്ടുചേർന്നുള്ള സ്വത്തായതിനാൽ അത് ജപ്തി ചെയ്യാൻ കഴിയില്ലെന്ന് ബത്തേരി തഹസിൽദാർ റിപ്പോർട്ട് നല്കിയതിനെ തുടർന്ന് പിഴത്തുക ഈടാക്കുന്നതിനായി പുറപ്പെടുവിച്ച ഡിസ്ട്രസ് വാറന്റ് മടക്കി അയച്ചിരുന്നു.
വാസവി ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്നും അവർക്ക് പിഴ അടയ്ക്കാൻ സാമ്പത്തിക ശേഷിയില്ലെന്നും ചൂണ്ടിക്കാട്ടി പിന്നീട് കല്പ്പറ്റ സെഷൻസ് ജഡ്ജി തന്നെയാണ് ഹൈക്കോടതി രജിസ്ട്രാർ മുഖേനെ സർക്കാരിന് ശിപാൾശ സമർപ്പിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 473 പ്രകാരം ഒരു വ്യക്തിക്ക് വിധിച്ച ശിക്ഷയുടെ ഭാഗമായ പിഴയോ തടവോ പൂർണമായോ ഭാഗികമായോ ഒഴിവാക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇതുകൂടാതെ വാസവിക്ക് തടവുശിക്ഷ വിധിച്ചിട്ടില്ലെന്നതുകൂടി കണക്കിലെടുത്താണ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചത്.

