ഇടിമിന്നലിൽ മരണപ്പെട്ട വിദ്യാർത്ഥികളുടെ പൊതു ദർശനം രാവിലെ 10 മണി മുതൽ വെള്ളില ടെസ്ക്കർ ഓഡിറ്റോറിയത്തിൽ

മങ്കട (മലപ്പുറം ) : വെള്ളില കടുക്കാസിറ്റി നമ്പൂരിക്കാട് കുരങ്ങൻചോല വ്യൂപോയിന്റിന് സമീപം ഇന്നലെ ഉണ്ടായ ഇടിമിന്നൽ ദുരന്തം ഒരു പ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഒരുമിച്ച് വളർന്നും പഠിച്ചും സഞ്ചരിച്ചും നടന്ന നാല് യുവാക്കളെ നഷ്ടമായ വേദനയിൽ വെള്ളിലയും പരിസര പ്രദേശങ്ങളും ഇപ്പോഴും ഞെട്ടലിലാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം  4 പേരുടെയും പുതുദർശനം ഇന്ന് രാവിലെ 10 മണിക്ക് ടെസ്ക്കർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും.

 

മരിച്ചവരിൽ ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരുന്ന വിദ്യാർത്ഥിയും പ്ലസ് ടു വിദ്യാർത്ഥിയും ഉൾപ്പെട്ടത് സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. മങ്കട ഗവൺമെന്റ് ഹൈസ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയ സിയാദും, മങ്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ റഹീസും ഇനി ഓർമ്മകളിൽ മാത്രം ബാക്കിയാകുമ്പോൾ സ്കൂൾ ക്യാമ്പസുകളിലും നൊമ്പരമാണ്.

 

മഴയും മിന്നലും കനത്ത സാഹചര്യത്തിൽ കുരങ്ങൻചോല മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്താൻ നാട്ടുകാർ ജീവൻപണയം വെച്ചാണ് ഓടിയെത്തിയത്. ഇടിമിന്നലേറ്റ് യുവാക്കൾ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇരുട്ടും കനത്ത മഴയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായെങ്കിലും നാട്ടുകാരുടെ ജാഗ്രതയും കൂട്ടായ്മയും ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വലിയ കരുത്തായി.

 

പെരിന്തൽമണ്ണ, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകൾ, മങ്കട പോലീസ്, ട്രോമാകെയർ പ്രവർത്തകർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ സംഘടനകളുടെ വളണ്ടിയർമാർ, നാട്ടുകാർ തുടങ്ങി നിരവധി പേരാണ് മണിക്കൂറുകളോളം മലമുകളിൽ തിരച്ചിൽ നടത്തിയത്. അപകടസാധ്യത നിലനിന്നിട്ടും മഴയും ഇരുട്ടും അവഗണിച്ച് യുവാക്കളെ കണ്ടെത്താൻ നാട്ടുകാർ മലമുകളിലുടനീളം തെരച്ചിൽ നടത്തി.

പരിക്കേറ്റ റോഷൻ, ഇഷാത്ത്, സൽമാനുൽ ഫാരിസ് എന്നിവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്കും മാറ്റി. ഇഷാത്തിനെ ഗുരുതരാവസ്ഥയെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയതായും സൽമാനുൽ ഫാരിസിൻ്റെ നിലയും ഗുരുതരമാണെന്നും ബന്ധുക്കൾ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *