മുംബൈ:ഡിജിറ്റല്‍ അറസ്റ്റും ഒണ്‍ലൈന്‍ ട്രേഡിങിന്റെ പേരിലുള്ള തട്ടിപ്പുകളെ കുറിച്ചും നമ്മള്‍ ഒരുപാട് വായിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ മുഖം ഇപ്പോള്‍ പൊതുജനം മനസ്സിലാക്കി തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇതോടെ ഒരുപിടി കൂടി മുന്നോട്ട് പോയിരിക്കുകയാണ് തട്ടിപ്പുകാര്‍. ഫേസ്ബുക്കില്‍ കണ്ട സുന്ദരിയായ യുവതിയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത യുവാവിന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 70,000 രൂപയാണ്.
ഒരൊറ്റ ലിങ്ക് കൊണ്ട് യുവാവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടിലെ പണം തട്ടിയെടുത്തിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. തട്ടിപ്പാകട്ടെ ഫേസ്ബുക്ക് ഗ്രൂപ്പ് ഉപയോഗിച്ചും. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കില്‍ കയറിയ 32കാരനായ യുവാവ് യുവതികളുടെ ആകര്‍ഷണീയമായ ചിത്രങ്ങളുള്ള ഒരു ഗ്രൂപ്പ് കാണുകയായി. കൗതുകം തോന്നിയ യുവാവ് ഗ്രൂപ്പില്‍ കയറുകയും ഇഷ്ടപെട്ട ചിത്രങ്ങളിലൊന്ന് വ്യക്തമായി കാണാന്‍ ക്ലിക്ക് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഉടനെ യുവാവിന്റെ ഫോണ്‍ ചൂടാവുകയും പണം നഷ്ടമാവുകയുമായിരുന്നു. ബാങ്കില്‍ നിന്ന് അക്കൗണ്ടിലുണ്ടായിരുന്ന 70000 രൂപ പിന്‍വലിച്ചെന്ന് ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വന്നു. തട്ടിപ്പിനിരയായി താനെന്ന് വ്യക്തമായ യുവാവ് ഉടന്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന ദേശീയ പോര്‍ട്ടലില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പേര് വെളിപ്പെടുത്താത്ത ഒരാള്‍ക്കെതിരെ തട്ടിപ്പിന് കേസെടുക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.

