സുൽത്താൻ ബത്തേരി: മലദ്വാരത്തിൽ ഒളിപ്പിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് പരപ്പൻപൊയിൽ സ്വദേശി തെക്കേപുരയിൽ സനീഷ് കുമാർ (40) ആണ് 64 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സനീഷ് കുമാർ കുടുങ്ങിയത്. കർണാടകയിൽ നിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ബത്തേരി കോട്ടക്കുന്നിൽ വെച്ചായിരുന്നു പരിശോധന. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ച് സ്കാനിംഗിന് വിധേയനാക്കി. പരിശോധനയിൽ ശരീരത്തിനുള്ളിൽ ഉരുള രൂപത്തിൽ മയക്കുമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തി.തുടർന്ന് കൂടുതൽ വൈദ്യപരിശോധനകൾക്കും ലഹരിമരുന്ന് പുറത്തെടുക്കുന്നതിനുമായി ഇയാളെ വയനാട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സർജന്റെ നേതൃത്വത്തിൽ ലഹരിമരുന്ന് മലദ്വാരത്തിനുള്ളിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു .വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

