തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ട്. ഇന്ന് ഒരു ജില്ലകളിലും ഔദ്യോഗികമായി മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കേരള തീരത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

