ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു

കൽപ്പറ്റ:ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തങ്ങള്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു. ടൗണ്‍ഷിപ്പിലെ പൊതു സൗകര്യങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍, കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം തുടങ്ങിയ പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് പ്രദേശത്തും കല്‍പ്പറ്റ നഗരത്തിലും ഉണ്ടാവുന്ന വെള്ളക്കെട്ടുകള്‍ക്ക് ശാസ്ത്രീയ പരിഹാരം നിദേശിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബൃഹദ് പദ്ധതി തയ്യാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

ടൗണ്‍ഷിപ്പിലെ റോഡില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്തതായും മഴ ശക്തിപ്രാപിക്കുമ്പോള്‍ ആവശ്യമെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിച്ച് ചെളി നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ചൂരല്‍മലയില്‍ പാലം നിര്‍മ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായതായും സര്‍ക്കാര്‍ അനുമതി ആവശ്യമെങ്കില്‍ പ്രത്യേകം പരിഗണന നല്‍കി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പുഞ്ചിരിമട്ടത്തെ പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

സാസ്‌കി പദ്ധതിക്ക് കീഴില്‍ നിര്‍മ്മാണം നടക്കുന്ന റോഡ്, പാലം, സ്‌കൂള്‍, ഫയര്‍ സ്റ്റേഷനുകള്‍, സ്‌കില്‍ പാര്‍ക്ക്, ഷെല്‍ട്ടര്‍ ഹോം, മറ്റ് കെട്ടിടങ്ങള്‍, ജലവിഭവ-ജലസേചന വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പദ്ധതി നടത്തിപ്പില്‍ സര്‍ക്കാറിന്റെ അംഗീകാരം ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *