ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ നേരിടും. അറ്റ്‌ലാന്‍റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് കിക്കോഫാകുക. ടിവിയില്‍ യുണൈറ്റ്8 സ്പോര്‍സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗില്‍ സീ ഫൈവിലും മത്സരം തത്സമയം കാണാനാകും. ലിയോണൽ മെസിയും മുഹമ്മദ് സലായും അന്താരാഷ്ട്ര വേദിയിൽ ആദ്യമായി നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് കടുത്തൊരു പോരാട്ടത്തിനാണ്.
ലിയോണൽ മെസി എന്ന ഒരൊറ്റ അച്ചുതണ്ടിലാണ് നിലവിൽ അർജന്‍റീനയുടെ കളി കറങ്ങുന്നത്. ടൂർണമെന്‍റിൽ ഇതുവരെ 7 ഗോളുകളുമായി ടോപ്പ് സ്കോറർ പദവിയിൽ ഫോമിന്‍റെ പരകോടിയിലാണ് ഈ ഇതിഹാസം. കാലിൽ പന്തെത്തിയാൽ എതിരാളികളുടെ നെഞ്ചിടിപ്പേറ്റുന്ന മെസിയെ കൃത്യമായി പൂട്ടാൻ ഈജിപ്തിന് കഴിഞ്ഞില്ലെങ്കിൽ കളി അവിടെത്തീരും.
