പാട്ടവയൽ:വയനാട്-തമിഴ്നാട് അതിർത്തി മേഖലയായ പാട്ടവയലിൽ റോഡിലേക്ക് പുലി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. സുൽത്താൻ ബത്തേരി – ഗൂഡലൂർ റോഡിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്ന വനമേഖലയിൽ ആണ് അപകടം.
ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വനത്തിനുള്ളിൽ നിന്നും പെട്ടെന്ന് പുലി റോഡിലേക്ക് ചാടിയപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് മറിയുകയായിരുന്നു.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയെയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡലൂരിനെയും ബന്ധിപ്പിക്കുന്ന ഈ അന്തർസംസ്ഥാന പാതയിലെ വനമേഖലയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. അപകടത്തെ തുടർന്ന് വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനമേഖലയിലൂടെ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
