തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി ഉത്തരവിറക്കി ധനവകുപ്പ്. ജൂലായ് മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് മുന്‍കാലപ്രാബല്യത്തോടെയാണ് വര്‍ധനവ്. കര്‍ഷകരെ സഹായിക്കുന്നതിനുള്ള റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതിയുടെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ താങ്ങുവില 250 ആക്കുമെന്ന് പറഞ്ഞിരുന്നു.
ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ താങ്ങുവില ഉയര്‍ത്തണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാദക സംഘങ്ങളുടെയും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പ്രാദേശികവിപണിയില്‍ നിലവില്‍ റബ്ബറിന് കിലോഗ്രാമിന് 274 രൂപവരെ ലഭിക്കുന്നുണ്ട്. വില താഴ്ന്നാല്‍ കര്‍ഷകര്‍ക്ക് വലിയ പിന്തുണയാകും. 250 രൂപയില്‍ താഴ്ന്നാല്‍ വ്യത്യാസം സര്‍ക്കാര്‍ നല്‍കും. നിലവില്‍ അന്താരാഷ്ട്രവിപണിയില്‍ റബ്ബറിന് 300 രൂപവരെ വില ലഭിക്കുന്നുണ്ട്. ടയര്‍ വ്യവസായത്തില്‍ ആവശ്യകത വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് റബ്ബര്‍ വില ഉയരാന്‍ കാരണമായത്.
