സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമത്തില്‍ ലക്ഷ്യം മറികടന്നു. 19 പന്തില്‍ 50 റണ്‍സെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (24 പന്തില്‍ 35) മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മയാങ്ക് യാദവാണ് തകര്‍ത്തത്. പ്രിന്‍സ് യാദവിനും രണ്ട് വിക്കറ്റുണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടുന്ന ആദ്യ ടി20 ജയമാണിത്.

 

തുടക്കത്തില്‍ തന്നെ അഭിഷേക് ശര്‍മയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടര്‍ന്ന് വൈഭവ് – കിഷന്‍ സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലും ആക്രമിച്ചാണ് വൈഭവ് കളിച്ചത്. 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ് അടുത്ത പന്തില്‍ പുറത്തായി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവിന് സ്വന്തമായി. വൈഭവിന് പിന്നാലെ കിഷനും പവലിനയില്‍ തിരിച്ചെത്തി. ശ്രേയസ് അയ്യര്‍ക്കൊപ്പം 46 റണ്‍സ് ചേര്‍ത്താണ് കിഷന്‍ മടങ്ങിയത്. കിഷന്റെ മടങ്ങിയെങ്കിലും തിലക് വര്‍മയെ (6) കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സിംബാബ്‌വെക്ക് വേണ്ടി ബ്ലെസിംഗ് മുസറബാനി രണ്ട് വിക്കറ്റ് വീഴ്ത്തി.

 

നേരത്തെ, 34 പന്തില്‍ 39 റണ്‍സെടുത്ത വെസ്ലി മധെവേരെയാണ് ആതിഥേയരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. റ്യാന്‍ ബേള്‍ 35 പന്തില്‍ 29 റണ്‍സെടുത്തു. തദിവനാഷി മരുമാനിയും (20 പന്തില്‍ പുറത്താവാതെ 27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മത്സരത്തില്‍ പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ സിംബാബ്‌വെക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ ബ്രയാന്‍ ബെന്നറ്റ് (0) മടങ്ങി. മായങ്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. പിന്നാലെ ബെന്‍ കറന്‍ (10), ഡിയോണ്‍ മെയേഴ്‌സ് (6) എന്നിവരും പവലിയനില്‍ തിരിച്ചെത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *