മെഡിക്കൽ കോളേജ്: ആക്ഷൻ കമ്മിറ്റി പ്രതീകാത്മക പ്രവേശന കവാടം സ്ഥാപിച്ചു

കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി (എസ്എച്ച്ആർപിസി) ബന്ധപ്പെടുത്തി പ്രവർത്തിക്കുന്ന ആക്‌ഷൻ കമ്മിറ്റി കൽപ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയിൽ വയനാട് ഗവ.മെഡിക്കൽ കോളേജിൻ്റെ പ്രവേശനം കവാടം പ്രതീകാത്മകമായി സ്ഥാപിച്ചു. മെഡിക്കല്‍ കോളജിനുള്ള സ്ഥിരനിര്‍മാണം മടക്കിമലയ്ക്കടുത്ത് കോട്ടത്തറ വില്ലേജില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന ആവശ്യവുമായി നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കവാടം സ്ഥാപിച്ചത്. മെഡിക്കൽ കോളേജിന് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് നേരത്തെ ഏറ്റെടുത്ത ഭൂമിയിലേക്ക് നിർമ്മിത വഴി ആരംഭിക്കുന്നത് മുരണിക്കരയിലാണ്. മെഡിക്കൽ കോളേജിന് മാനന്തവാടിക്കടുത്ത് കെഎസ്ഇബിയുടെ കൈവശമുള്ള 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കുന്നത്.

 

കവാടം ഉദ്ഘാടനം ആക്‌ഷൻ കമ്മിറ്റി രക്ഷാധികാരി അഡ്വ.വി.പി. യെൽദോ നിർവഹിച്ചു. മുമ്പുണ്ടായിരുന്നതടക്കം ജനപ്രതിനിധികളുടെ കഴിവില്ലായ്മയും അലംഭാവവുമാണ് വയനാടിൻ്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് വിഷയത്തിൽ. എസ്എച്ച്ആർപിസി ജില്ലാ പ്രസിഡൻ്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി പ്രവർത്തകർ മെഴുകുതിരികൾ തെളിയിച്ച് പ്രതിഷേധജ്വാല ഉയർത്തി.

 

സാമൂഹികപ്രവർത്തകൻ ഐ.പി. ഫിലിപ്പുകുട്ടി മുഖ്യപ്രഭാഷണം നടത്തി.ആക്ഷൻ കമ്മിറ്റി ഡോ.എം. ബാലകൃഷ്ണൻ, അഡ്വ.ടി.യു. ബാബു, കുന്നത്ത് അഷ്‌റഫ്, എ.കെ. മൊയ്തു, ശാന്തകുമാരി വിനായക, അബ്ദുൾ ഖാദർ മടക്കിമല, എച്ച്. സുജാത എന്നിവർ പ്രസംഗിച്ചു. എസ്എച്ച്ആർപിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ് സ്വാഗതം പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *