നീലഗിരി : പന്ത്രണ്ട് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന നീലക്കുറുഞ്ഞി പൂത്തതോടെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ഏതാനും ദിവസങ്ങൾക്കു മുൻപ് മലനിരകളിൽ നീലവസന്തം വിരിഞ്ഞതോടെ പ്രകൃതി വിസ്മയം നേരിൽ കാണാനായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
നീലഗിരി ജില്ലയിലെ നാടുകാണിയിലുള്ള ജീൻ പൂൾ സസ്യോദ്യാനം, നാടുകാണിക്കും ഗൂഡല്ലൂരിനുമിടയിലുള്ള പള്ളിപ്പടി, ഗൂഡല്ലൂരിലെ സൂചിമല (നീഡിൽ റോക്ക്), ഓവാലി പഞ്ചായത്തിലെ ചന്ദനമല, പെരിയ ശോല തുടങ്ങിയ മേഖലകളിലാണ് ഇത്തവണ നീലക്കുറുഞ്ഞികൾ ഏറ്റവും കൂടുതൽ പൂവിട്ടിരിക്കുന്നത്. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ അപൂർവ്വ അവസരം ക്യാമറകളിൽ പകർത്തുന്ന തിരക്കിലാണ് പുതിയ തലമുറ.
സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനമേഖലയോട് ചേർന്ന ഭാഗങ്ങളായതിനാൽ സന്ദർശകർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും പ്രകൃതിയുടെ തനിമ നിലനിർത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
