ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കും: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി (HDS), ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (HMC) എന്നിവ മുഖേന നിയമിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ (ESI) ആനുകൂല്യം പൂർണ്ണമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു

 

താൽക്കാലിക ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മെച്ചപ്പെട്ട ചികിത്സാ സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പിന് കീഴിലെ ചില സ്ഥാപനങ്ങളിൽ എച്ച്.ഡി.എസ് മുഖേന നിയമിച്ച ജീവനക്കാരുടെ നിർബന്ധിത ഇ.എസ്.ഐ വിഹിതം കൃത്യമായി അടയ്ക്കുന്നില്ലെന്നും, ഇത് നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് ജീവനക്കാർക്ക് പരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി കർശന നിർദ്ദേശം നൽകിയത്.

 

പ്രധാന തീരുമാനങ്ങളും നിർദ്ദേശങ്ങളും:

 

◾വിവരശേഖരണം: നിലവിലെ ഇ.എസ്.ഐ രജിസ്ട്രേഷൻ സ്ഥിതി, പദ്ധതിക്ക് അർഹരായ ജീവനക്കാരുടെ എണ്ണം, ഉൾപ്പെടാത്തവരുടെ വിവരങ്ങൾ, കുടിശിക വരുത്തിയ സ്ഥാപനങ്ങൾ എന്നിവ അടങ്ങുന്ന സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാൻ ഉത്തരവിട്ടു.

◾ഉത്തരവാദിത്തം നിശ്ചയിക്കൽ: പദ്ധതി കൃത്യമായി നടപ്പാക്കുന്നതിനും വിഹിതം മുടക്കമില്ലാതെ അടയ്ക്കുന്നതിനും ഓരോ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ചു നൽകും.

◾ഇ.എസ്.ഐ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ താൽക്കാലിക ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!