തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ടൈംടേബിളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തി. സ്കൂളുകളിലെ ഓണാഘോഷം നിശ്ചയിച്ചിരുന്ന ദിവസം നടത്താനിരുന്ന പരീക്ഷയാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ഓഗസ്റ്റ് 21-ാം തീയതി നടക്കേണ്ടിയിരുന്ന എട്ടാം ക്ലാസിലെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനാണ് ധാരണയായിരിക്കുന്നത്.
സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഓണാഘോഷ പരിപാടികള്‍ നടക്കുന്ന അതേദിവസം തന്നെ പരീക്ഷ നടത്തുന്നത് ആഘോഷ അന്തരീക്ഷത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. പരീക്ഷ മാറ്റിവെച്ചതോടെ വലിയ ആശ്വാസത്തിലാണ് വിദ്യാര്‍ത്ഥികള്‍.
പുതിയ തീരുമാനപ്രകാരം ഓഗസ്റ്റ് 21-ന് സ്കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ തടസ്സമില്ലാതെ നടത്താനും അന്ന് തന്നെ ഓണാവധിക്കായി സ്കൂളുകള്‍ അടയ്ക്കാനും സാധിക്കും. പത്തു ദിവസം നീളുന്ന ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-നാണ് സ്കൂളുകള്‍ വീണ്ടും തുറക്കുക. മാറ്റിവെച്ച എട്ടാം ക്ലാസിലെ പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
