പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്; തിങ്കളാഴ്ച്ച മുതല്‍ പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിവരെ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം നേടാം. ആദ്യ അലോട്ട്‌മെന്റില്‍ 2,46,638 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിച്ചിരുന്നെങ്കിലും 2,20,465 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. ഉയര്‍ന്ന ഓപ്ഷനുകളിലേക്കുള്ള സാധ്യത നിലനിര്‍ത്താന്‍ 96,721 വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനമാണ് സ്വീകരിച്ചത്. അതേസമയം, ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കിയത് 1,23,744 പേരാണ്.

 

അലോട്ട്‌മെന്റ് ലഭിച്ചിട്ടും ദൂരം, ഫീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ 24,978 വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാനായില്ല. കൂടാതെ അപേക്ഷകളിലെ പിഴവുകള്‍ മൂലം 1,195 വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റും റദ്ദാക്കി. ഇതുവഴി ഒഴിവായ 26,173 സീറ്റുകളാണ് രണ്ടാം അലോട്ട്‌മെന്റില്‍ വീണ്ടും പരിഗണിക്കുന്നത്. ആദ്യ അലോട്ട്‌മെന്റിന് ശേഷമുള്ള 71,264 ഒഴിവുസീറ്റുകളും റദ്ദായ സീറ്റുകളും ഉള്‍പ്പെടുത്തിയാണ് രണ്ടാം അലോട്ട്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ 97,000ത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ സീറ്റ് ലഭിച്ചിട്ടില്ല. ഇവരെ രണ്ടും മൂന്നും അലോട്ട്‌മെന്റുകളിലൂടെ ഉള്‍പ്പെടുത്താനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.

 

മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള പ്രവേശന നടപടികള്‍ ജൂണ്‍ 29, 30 തിയ്യതികളില്‍ നടക്കും. അതേസമയം, പട്ടികജാതിവര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള എംആര്‍എസ് സ്‌കൂളുകളിലെ 1,318 സീറ്റുകളില്‍ 983 സീറ്റുകളിലാണ് ഇതുവരെ പ്രവേശനം പൂര്‍ത്തിയായത്. വിഎച്ച്എസ്ഇ വിഭാഗത്തില്‍ ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ച 25,122 വിദ്യാര്‍ഥികളില്‍ 13,813 പേര്‍ മാത്രമാണ് നിലവില്‍ പ്രവേശനം നേടിയിട്ടുള്ളത്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ ആറു മുതല്‍ ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *