സംസ്ഥാനത്ത് മഴ ശക്തമായതോടെ ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ (Giant African Snail) ശല്യം വിവിധ ജില്ലകളിൽ രൂക്ഷമാകുകയാണ്. വാഴ, പപ്പായ, പ്ലാവ്, വെണ്ട, വഴുതന, കാബേജ്, കമുക്, റബ്ബർ, കാപ്പി തുടങ്ങി 100-ലധികം സസ്യവിളകളെ ആക്രമിക്കുന്ന ഈ ഭീമൻ ഒച്ചുകൾ കൃഷിയിടങ്ങൾക്കും വീട്ടുവളപ്പുകൾക്കും ഒരുപോലെ വലിയ ഭീഷണിയാണ്.
ഈ അധിനിവേശ ജീവിയുടെ വ്യാപനം ഫലപ്രദമായി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, കർഷകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ ഏകോപിത പ്രവർത്തനം അനിവാര്യമാണ്. കേരള കാർഷിക സർവകലാശാലയുടെ ശാസ്ത്രീയ മാർഗനിർദേശങ്ങളും സാങ്കേതിക പിന്തുണയും സമൂഹാധിഷ്ഠിത നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നു വൈസ് ചാൻസലർ പ്രൊഫസർ (ഡോ). ടി. സജിതാ റാണി പറഞ്ഞു.
ഒച്ചുകളുടെ നിയന്ത്രണത്തിൽ ശുചിത്വത്തിനാണ് ഏറ്റവും പ്രധാന്യം. കളകൾ, വിള അവശിഷ്ടങ്ങൾ, ജൈവമാലിന്യങ്ങൾ, ചവറുകൾ, പഴയ ചാക്കുകൾ എന്നിവ യഥാസമയം നീക്കം ചെയ്ത് പരിസരം വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഒച്ചുകൾക്ക് ഒളിച്ചിരിക്കാനും മുട്ടയിടാനുമുള്ള ഇടങ്ങൾ ഇല്ലാതാക്കി അവയുടെ പ്രജനനവും വ്യാപനവും ഗണ്യമായി കുറയ്ക്കാനാകും. മഴയ്ക്കുശേഷം വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് ഒച്ചുകൾ കൂടുതൽ സജീവമാകുന്നത്. ഈ സമയത്ത് കയ്യുറ ധരിച്ച് ഒച്ചുകളെയും മുട്ടക്കൂട്ടങ്ങളെയും ശേഖരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ഉപ്പ് എന്ന തോതിൽ കലർത്തിയ ലായനിയിൽ ഇട്ട് നശിപ്പിക്കണം. ശേഖരിച്ച ഒച്ചുകളെ ജലാശയങ്ങളിൽ നിന്ന് അകലെ രണ്ടുമീറ്റർ ആഴമുള്ള കുഴികളിൽ നിക്ഷേപിച്ച് ഉപ്പോ തുരിശോ വിതറിയശേഷം മണ്ണിട്ട് മൂടുന്നതും ഫലപ്രദമായ നിയന്ത്രണ മാർഗമാണ്.
ഒച്ചുകളെ ആകർഷിക്കാൻ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 20 ഗ്രാം യീസ്റ്റ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം വൈകുന്നേരങ്ങളിൽ ചെറിയ പാത്രങ്ങളിലോ നനഞ്ഞ ചണച്ചാക്കുകളിലോ വയ്ക്കാം. പുളിപ്പിച്ച പഴങ്ങൾ, പപ്പായയില, വാഴയില, കാബേജ് ഇല എന്നിവയും കെണികളായി I ഉപയോഗിക്കാം. രാത്രിയിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ പിറ്റേന്ന് രാവിലെ ശേഖരിച്ച് നശിപ്പിക്കുന്നത് പ്രജനനം കുറയ്ക്കാൻ സഹായിക്കും.
