ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം; സ്കൂട്ടറും രണ്ടു കാറുകളും കത്തി നശിച്ചു; വീടിനും കേടുപാടുകൾ..!

മലപ്പുറം:കോട്ടക്കലിൽ വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്.തീപിടിത്തത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണമായും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. സംഭവത്തിൽ വീടിനും നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

 

ചാർജിങ്ങിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക സംശയം. അപകടത്തിന്റെ കൃത്യമായ കാരണം ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ദ്ധരുടെയും പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ.

 

പോർച്ചിൽ വെച്ച് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും തീ അടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് വേഗത്തിൽ പടരുകയുമായിരുന്നു. സ്കൂട്ടർ പൊട്ടിത്തെറിക്കുന്ന ശബ്ദവും പുകയും കണ്ട ഉടൻ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

 

നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം തീ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൂടുതൽ വാഹനങ്ങളിലേക്കും പടരുന്നത് തടയാനായി. സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!