വയനാട് ചുരത്തിലും മുത്തങ്ങയിലും വരുംദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യത

സുൽത്താൻ ബത്തേരി:മുത്തങ്ങ, ഗുണ്ടൽപേട്ട് മേഖലകളിലെ പൂകൃഷിയും മുന്തിരിത്തോട്ടങ്ങളും കാണാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766-ൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യത. വരുന്ന ശനി, ഞായർ വാരാന്ത്യ ദിനങ്ങളിൽ രാവിലെ മുതൽ രാത്രി വൈകുവോളം വയനാട് ചുരത്തിലും മുത്തങ്ങയിലെ ഇരു ചെക്ക്പോസ്റ്റുകളിലും കിലോമീറ്ററുകളോളം നീളുന്ന വലിയ വാഹനനിര രൂപപ്പെടാൻ ഇടയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചകളിലും അർദ്ധരാത്രിവരെ നീളുന്ന അതിരൂക്ഷമായ ബ്ലോക്കാണ് ചുരത്തിലും മുത്തങ്ങ വനമേഖലയിലും അനുഭവപ്പെട്ടത്. നിലവിൽ സ്കൂൾ അവധി ദിനങ്ങൾ കൂടിയായതിനാൽ വരുംദിവസങ്ങളിലും പാതയിൽ സമാനമായ രീതിയിൽ വൻ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.

 

രാത്രി 9:00 മണിക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ് അടയ്ക്കുമെന്നതും രാവിലെ 6:00 മണിക്ക് മാത്രമാണ് വീണ്ടും തുറക്കുക എന്നതും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. കർണാടക ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ഈ സമയക്രമം കൃത്യമായി കണക്കുകൂട്ടിവേണം യാത്ര പ്ലാൻ ചെയ്യാൻ. കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിൽ കുടുങ്ങിപ്പോയാൽ ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ തിരിച്ചുപോവുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടാവില്ല. കാട്ടിനുള്ളിൽ മണിക്കൂറുകളോളം കിടക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും.

 

അതുകൊണ്ടുതന്നെ വരുന്ന ദിവസങ്ങളിൽ ഇതുവഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ രാത്രിയാത്ര പ്ലാൻ ചെയ്യുന്നവരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം. യാത്രക്കാർ സമയം മുൻകൂട്ടി ക്രമീകരിച്ച് നേരത്തെ യാത്ര തിരിക്കുകയോ തിരക്ക് കുറഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യണം. വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കുടിവെള്ളവും കരുതാനും, വനമേഖലയിലും ചുരത്തിലും അനാവശ്യമായ ഓവർടേക്കിങ് ഒഴിവാക്കി ലെയിൻ ട്രാഫിക് കർശനമായി പാലിച്ച് സഹകരിക്കാനും അഭ്യർത്ഥിക്കുന്നു

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!