ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൈവശം വെക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പുതിയ കണക്ഷനുകള്‍ നല്‍കുന്നത് തടയാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കി
നിലവിലുള്ള നിയമമനുസരിച്ച്, ഒരാള്‍ക്ക് പരമാവധി 9 സിം കാര്‍ഡുകള്‍ വരെയാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ജമ്മു കശ്മീര്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 സിം കാര്‍ഡുകള്‍ മാത്രമാണ്. സിം പരിധി സംബന്ധിച്ച നിയമം പുതിയതല്ലെങ്കിലും, അത് കര്‍ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത്. ഇനി മുതല്‍ പുതിയ സിം എടുക്കുന്നതിന് മുന്‍പ്, ഉപഭോക്താവിന് ഇതിനകം എത്ര കണക്ഷനുകള്‍ ഉണ്ടെന്ന് ടെലികോം കമ്പനികള്‍ ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം (ഡിഐപി) വഴി പരിശോധിക്കും
പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍, ഉപഭോക്താവ് തങ്ങളുടെ പേരില്‍ നിലവിലുള്ള മറ്റ് കണക്ഷനുകളെക്കുറിച്ച് അപേക്ഷാ ഫോമില്‍ വ്യക്തമാക്കേണ്ടതുണ്ട്. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശം വെക്കുന്നതായി കണ്ടെത്തിയാല്‍, പുതിയ കണക്ഷന്‍ അനുവദിക്കില്ല. തെറ്റായി പുതിയ സിം അനുവദിക്കപ്പെട്ടാല്‍, അത് ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ സംവിധാനം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും, മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്
