യെമനിൽ നിന്നും സൊമാലിയയിൽ നിന്നുമായി രണ്ട് വാണിജ്യ കപ്പലുകൾ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വ്യാഴാഴ്ച സമാനമായ സംഭവം ഉണ്ടായത്. ഒരു കപ്പൽ യമൻ തീരത്ത് നിന്നും മറ്റൊരു കപ്പൽ സൊമാലിയൻ തീരത്ത് നിന്നുമാണ് തട്ടിക്കൊണ്ട് പോയത്.
കൊള്ളക്കാർ റാഞ്ചിയ രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യൻ പൗരന്മാരാണ് ഉള്ളത്. യെമൻ തീരത്ത് നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെയുള്ള ഏദൻ ഉൾക്കടലിൽ വെച്ചാണ് ഒരു വാണിജ്യ കപ്പൽ കൊള്ളക്കാർ തട്ടിയെടുത്തത്. 16 ഇന്ത്യക്കാരുൾപ്പടെ 20 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന എറിത്രിയ പതാകയേന്തിയ എണ്ണ ഉൽപ്പന്ന ടാങ്കർ എംടി സിബു 1 എന്ന കപ്പലാണ് ആറ് സായുധ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്.
കപ്പലിന്റെയും ജീവനക്കാരുടെയും വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. കപ്പലിലെ 16 ഇന്ത്യൻ പൗരന്മാരും, സിറിയ, ഇറാൻ, സുഡാൻ എന്നിവിടങ്ങലിൽ നിന്നുള്ളവരും കപ്പലിലുണ്ട്. കപ്പൽ ജീവനക്കാർ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.
