തമിഴ്നാട്ടില്‍ ഇഷ്ടിക വ്യാപാരിയായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യ അറസ്റ്റിലായി.സേലം ഓമലൂർ സ്വദേശിയായ വി.ഭൂപതി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ സുജിത ശ്രീയെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഓമലൂർ-ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ ചൊവ്വാഴ്ചയാണ് ഭൂപതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ മൂന്നംഗ മോഷണസംഘം കാർ തടഞ്ഞുനിർത്തി ഭൂപതിയെ ആക്രമിച്ചു കൊലപ്പെടുത്തുകയും തന്റെ 12 പവന്റെ സ്വർണാഭരണങ്ങള്‍ കവരുകയും ചെയ്തെന്നാണ് സുജിത ആദ്യം പൊലീസിന് നല്കിയ മൊഴി എന്ന് ഓമലൂർ ഇൻസ്പെക്ടർ എസ്.എം. ഷണ്മുഖം പറഞ്ഞു. എന്നാല്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തുകയും, ഭൂപതിയുടെ ബന്ധുക്കള്‍ സുജിതയുടെ മൊഴിയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അന്വേഷണം വഴിതിരിഞ്ഞത്.
ദമ്പതികള്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രദേശവാസിയായ സന്തോഷ് രാജുമായി സുജിതയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുജിത തള്ളി താഴെയിട്ട ഭൂപതിയുടെ തലയിടിച്ച് ബോധം പോവുകയായിരുന്നു. തുടർന്ന് സുജിത സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് ഭൂപതിയെ കുത്തി ക്കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കാറിലാക്കി റോഡില്‍ ഉപേക്ഷിച്ച ശേഷം കവർച്ചാ നാടകം ചമയ്ക്കുകയായിരുന്നു. കൃത്യത്തില്‍ ഇവരുടെ 13 വയസ്സുള്ള മകനും പങ്കാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. സുജിതയെയും സന്തോഷിനെയും അറസ്റ്റ് ചെയ്തു.
