ഹൈദരാബാദ്: കാമുകിയുടെ ജന്മദിനത്തില്‍ ഐഫോണ്‍ സമ്മാനമായി നല്‍കാന്‍ കഞ്ചാവ് കടത്തിയ യുവാവും കാമുകിയും പൊലീസിന്റെ പിടിയിലായി. തെലങ്കാനയിലെ പെദ്ദപ്പള്ളി സ്വദേശികളായ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരെയാണ് 12 കിലോ കഞ്ചാവുമായി തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയില്‍നിന്ന് വാങ്ങിയ കഞ്ചാവുമായി മടങ്ങുന്നതിനിടെ ഖമ്മം ജില്ലയില്‍ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. ഹേമലതയുടെ പിറന്നാളിന് ഐഫോണ്‍ വാങ്ങുന്നതിനുള്ള പണം കണ്ടെത്താനാണ് ലഹരിക്കടത്തിനിറങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ചൈതന്യ പൊലീസിനോട് സമ്മതിച്ചു.
ഒഡീഷയില്‍നിന്ന് കിലോയ്ക്ക് 16,000 രൂപ നിരക്കിലാണ് ചൈതന്യ കഞ്ചാവ് വാങ്ങിയത്. തുടര്‍ന്ന് കാമുകിയുമൊത്ത് ബൈക്കില്‍ ഹൈദരാബാദിലേക്ക് വരുന്നതിനിടെ പാതയോരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ലഹരിക്കടത്ത് പുറത്തറിയുന്നത്. പൊലീസിനെ കണ്ടതോടെ ബൈക്കിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്കും നിസ്സാര പരുക്കേറ്റു.
സംഭവസ്ഥലത്തുനിന്ന് കഞ്ചാവിന് പുറമെ നാല് മൊബൈല്‍ ഫോണുകളും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഫോണിന് വേണ്ടിയാണ് ലഹരിക്കടത്ത് നടത്തിയത് എന്ന് മൊഴി നല്‍കിയെങ്കിലും ചൈതന്യ മുന്‍പും സമാനമായ മൂന്ന് ലഹരിക്കടത്ത് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
