കണ്ണൂരിൽ വ്യാജ രേഖകളുമായി അഞ്ച് ബംഗ്ലാദേശ് വനിതകൾ പിടിയിൽ.

കണ്ണൂർ: വ്യാജ രേഖകളുമായി അഞ്ച് ബംഗ്ലാദേശ് വനിതകൾ പിടിയിലായി.സാധുവായ യാത്രാരേഖകളില്ലാതെ അനധികൃതമായി കേരളത്തിൽ തങ്ങുകയും സ്പാകളിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശികളായ സ്ത്രീകളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ സ്പാകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

 

പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിലേക്ക് കടന്ന ഇവർ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. നിയമനടപടികളും റിമാൻഡ് കാലാവധിയും പൂർത്തിയായ ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ് ഭാരത് റെഡ്ഡി വ്യക്തമാക്കി.

 

വ്യാജ ആധാർ കാർഡും സിം കാർഡുകളും വ്യാജ രേഖകൾ ചമച്ച് ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാർ വഴി ആദ്യം ഇവരെ പശ്ചിമ ബംഗാളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെ വെച്ച് ഇവരുടെ ചിത്രങ്ങൾ ഉപയോഗിച്ച്, വ്യാജ മേൽവിലാസത്തിൽ ആധാർ കാർഡുകളും മൊബൈൽ സിം കാർഡുകളും തരപ്പെടുത്തുന്നു.

ആധാർ പരിശോധിക്കുമ്പോൾ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും കൃത്യമായിരിക്കുമെങ്കിലും അതിലെ വിലാസങ്ങൾ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് കേരളത്തിലെ സ്പാ, മസാജ് സെന്ററുകൾ കേന്ദ്രീകരിച്ച് ജോലി തേടി ഇവരെ എത്തിക്കുകയായിരുന്നു.പിന്നിൽ മുംബൈ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുംബൈ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇത്തരം റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രവർത്തിക്കുന്നത്. ശമ്പളത്തിന് പുറമെ മികച്ച ടിപ്പ് കൂടി ലഭിക്കുമെന്നത് കൊണ്ടാണ് ഇത്തരം സ്പാ ജോലികളിലേക്ക് ഇവർ പ്രധാനമായും ആകർഷിക്കപ്പെടുന്നത്. ഇവർ താമസിച്ചിരുന്നതും ജോലിസ്ഥലത്തിന് തൊട്ടടുത്താണ്.

 

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഏജൻസികൾക്ക് ഇതിൽ പങ്കുണ്ടെന്നാണ് സൂചന. കൂടുതൽ വിദേശികൾ ഇത്തരത്തിൽ വ്യാജ രേഖകളോടെ ജോലി ചെയ്യുന്നുണ്ടോ എന്നറിയാൻ സംസ്ഥാനത്തെ കൂടുതൽ സ്പാകളിൽ വരുംദിവസങ്ങളിൽ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

 

ഒരാളിൽ നിന്ന് തുടങ്ങിയ അന്വേഷണം

 

സെപ്റ്റംബർ 14-ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു സ്പായിൽ നിന്ന് ബംഗ്ലാദേശിലെ ഫരീദ്പുർ സ്വദേശിയായ സലീന അക്തർ (29) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ആധാർ കാർഡുമായി കഴിഞ്ഞിരുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് സ്ത്രീകളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ പരിശോധനയിൽ നസ്മ അക്തർ (40), കെ. തസ്ലീമ (25), കെ. മൊയ്ന (29), നസ്രീൻ ബീബി (28) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂർ താഴെച്ചൊവ്വയ്ക്ക് സമീപം താനയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന ഇവർ കണ്ണൂർ നഗരത്തിലെ ഒരു മസാജ് സ്പായിലായിരുന്നു ജോലി ചെയ്തിരുന്നത്.

 

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർ എങ്ങനെ അതിർത്തി കടന്നു, രേഖകളും ജോലിയും സംഘടിപ്പിച്ചു നൽകിയത് ആരൊക്കെയാണ് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!